
താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘റിവോൾവർ റിങ്കോ’യുടെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്തു.
കാർട്ടൂൺ കഥാപാത്രങ്ങളിലെ കൗതുകകരമായ പേരായ ‘റിവോൾവർ റിങ്കോ’ കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ഈ ചിത്രത്തിന് അത്തരമൊരു പേര് നൽകിയിരിക്കുന്നതും കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ്.
സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാല് കുട്ടികളും അവർക്ക് തുണയായി എത്തുന്ന ഒരു ചെറുപ്പക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയുമാണ് കിരൺ നാരായണൻ ഈ കഥ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘മാളികപ്പുറം’ ഫെയിം ശ്രീപത് യാൻ, ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരാണ് കുട്ടികളുടെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ്.ജി.മേനോൻ, ആദിനാട് ശശി, അഞ്ജലി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അരുൺ വെഞ്ഞാറമൂടാണ് കലാസംവിധാനം. സിബി ജോർജ് പൊൻകുന്നമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.











