സായ് പല്ലവിയുടേത് ഗോത്രകുടുംബമോ ? ചർച്ചയായി സഹോദരിയുടെ വിവാഹചടങ്ങുകളും വസ്ത്രങ്ങളും

കുറച്ചു  ദിവസം മുമ്പായിരുന്നു നടി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹം നടന്നത്. പൂജയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ  സായ് പല്ലവിയുടെ ഫാൻസ് പേജുകളിലൂടെ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട ആരാധകരെല്ലാം അമ്പരന്നു. കാരണം പൊതുവെ കണ്ട് വരാറുള്ള രീതിയിലുള്ള ചടങ്ങുകളോ വസ്ത്രധാരണമോ ഒന്നുമായിരുന്നില്ല പൂജയുടെ വിവാഹ​ത്തിന് ഉണ്ടായിരുന്നത് .

പൊതുവെ താര വിവാഹങ്ങള്‍ രാജകീയവും, ആര്‍ഭാടവുമായിരിക്കും. എന്നാല്‍ പൂജ കണ്ണന്റെ വിവാഹം വന്‍ ആടയാഭരണങ്ങളൊന്നും ഇല്ലാതെയാണ്. പൂക്കളുടെ സാന്നിധ്യമാണ് കൂടുതലും കാണുന്നത്.

എല്ലാം വളരെ വ്യത്യസ്തമായിരുന്നു. കേരള സാരിയുടേതിന് സമാനമായ നേർത്ത ​ഗോൾഡൺ ബോഡറുള്ള സിംപിൾ വർക്കുള്ള വെളുത്ത സാരിയായിരുന്നു വധു പൂജയുടെ വേഷം. ​ഗോൾഡൺ ബോഡറുള്ള മുണ്ടും ഷർ‌ട്ടുമായിരുന്നു വരന്റെ വേഷം. വെള്ളമുണ്ട് തലയില്‍ കെട്ടിയാണ് വധൂ വരന്മാര്‍ താലി കെട്ട് ചടങ്ങിന് എത്തിയത്. വധുവായിട്ട് കൂടിയും ആഭരണങ്ങൾ ഒന്നും തന്നെ താലികെട്ട് ചടങ്ങിന് വധു ധരിച്ചിരുന്നില്ല. വധുവും വരനും മാത്രമല്ല വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

വധുവിന്റെ ചേച്ചിയായ സായ് പല്ലവി വെളുത്ത നിറത്തിലുള്ള സോഫ്റ്റ് സിൽ‌ക്ക് സാരിയും പേൾ മാലയും കമ്മലും വളകളുമായിരുന്നു ധരിച്ചിരുന്നത്. സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി.

പൂക്കളാൽ നിറഞ്ഞ് നിൽക്കുന്ന രീതിയിലായിരുന്നു കതിർ മണ്ഡപം. പൂജയുടെ വിവാഹ ചടങ്ങുകൾ വൈറലായപ്പോൾ എല്ലാവരും അന്വേഷിച്ചത് വ്യത്യസ്തമായ വിവാ​ഹ ചടങ്ങിന് പിന്നിലെ കാരണമായിരുന്നു.

സായ് പല്ലവി തന്നെ അതിനുള്ള മറുപടി തുടക്ക കാലത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബഡഗ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബമാണ് നടിയുടേത്. അതുകൊണ്ട് തന്നെ അവിടുത്തെ വിശ്വാസപ്രകാരമുള്ള പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

എന്നാൽ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന സായി പല്ലവി, സത്യ സായി ബാവയുടെ കടുത്ത വിശ്വാസിയാണ്. അക്കാര്യങ്ങളും നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കുടുംബത്തില്‍ എന്തും വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചാണ് നടത്തുന്നത് എന്നും സായി പല്ലവി പറഞ്ഞിരുന്നു.

വിനീതാണ് പൂജയെ വിവാഹം ചെയ്തത്. ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.

താലികെട്ടിന് ശേഷമുള്ള ചടങ്ങുകളിൽ‌ ചുവന്ന സാരിയിൽ റോയൽ ലുക്കിലാണ് പൂജ പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ മുൻനിര നടിയായിട്ട് കൂടിയും ഒരു സെലിബ്രിറ്റി വെഡ്ഡിങിന്റെ പ്രതീതിയൊന്നും പൂജയുടെ വിവാഹ ചടങ്ങിന് ഉണ്ടായിരുന്നില്ല. കൂടാതെ സിനിമാ മേഖലയിലുള്ളവർ ആരും തന്നെ ചടങ്ങിൽ പങ്കെടുത്തിട്ടുമില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

വിവാഹത്തിന് മുന്നോടിയായി നടന്ന സം​ഗീത് പാർട്ടിയിലും തിളങ്ങിയത് സായ് പല്ലവിയാണ്. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്. കൂടാതെ ബഡ​ഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

തന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല എന്ന് സായി പല്ലവി നേരത്തെ വ്യക്തമാക്കിയതാണ്. അതേ സമയം അടുത്തിടെ പല ഗോസിപ്പുകളും നടിയുടെ പേരില്‍ പുറത്തുവന്നിരുന്നു.  സായ് പല്ലവി വിവാഹിതനായ ഒരു നടനുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും ഒടുവിൽ വന്ന പ്രചരണം. എന്നാല്‍ അതിനോടൊന്നും സായി പല്ലവി പ്രതികരിച്ചില്ല. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. നിലവില്‍ അമരന്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കുകളിലാണ് സായി പല്ലവി. എസ്‌കെ 21, രാമായണ, തണ്ടേല്‍ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.