മദ്യം കാരണം തകര്‍ന്ന നിരവധി ജീവിതങ്ങളുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ മദ്യത്തിന്റെ ഇരകളായിട്ടുണ്ട്. വീണു പോയാല്‍ തിരിച്ചുകയറാന്‍ ആകാത്ത വിധമാണ് മദ്യം കീഴ്‌പ്പെടുത്തുന്നത്. ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തി തകര്‍ന്നുപോയവര്‍ നിരവധിയുണ്ട്. മദ്യത്തിന്റെ അഡിക്ടായിരുന്ന അവസ്ഥയെ അതിജീവിച്ചതിനെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്.
കോളിവുഡിലെ ശ്രദ്ധേയ നായികയും താരപുത്രിയുമായ ശ്രുതിഹാസനാണ് മദ്യപാനത്തിനെ അതിജീവിച്ചത് പങ്കുവയ്ക്കുന്നത്. ഒരു കാലത്ത് താന്‍ മദ്യത്തിന് അടിമയായിരുന്നെന്നാണ് ശ്രുതിയുടെ വെളിപ്പെടുത്തല്‍. എപ്പോഴും താന്‍ മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നെന്ന് താരം പറയുന്നു.

സുഹൃത്തുക്കളോടൊപ്പമായിരുന്നു എപ്പോഴും മദ്യപിച്ചിരുന്നത്. മദ്യമായിരുന്നു ജീവിതത്തിലെ ഒരു വലിയ കാര്യം. അതായിരുന്നു തന്നെ നിയന്ത്രിച്ചിരുന്നത്. പിന്നീട് മദ്യം എനിക്ക് നല്ലതൊന്നും നല്‍കുന്നില്ല എന്ന തിരിച്ചറിവ് വന്നതോടെയാണ് ആ ശീലം ഉപേക്ഷിച്ചു. പിന്നീട് എന്നോട് എപ്പോഴും പാര്‍ട്ടിക്ക് നിര്‍ബന്ധിക്കുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിച്ചു. അതോടെയാണ് മദ്യപാനശീലം കുറഞ്ഞെന്നും താരം പറയുന്നു.

ഇപ്പോള്‍ എട്ടു വര്‍ഷമായി മദ്യപാനം ഉപേക്ഷിച്ചിട്ട്. മദ്യപിക്കാത്തപ്പോള്‍ പാര്‍ട്ടി സാഹചര്യങ്ങളില്‍ ആളുകളെ സഹിക്കാന്‍ പ്രയാസമുണ്ട്. ഇപ്പോള്‍ ഖേദമോ, ഹാംങ്ഓവറോ ഒന്നും ഇല്ല. ശാന്തമായിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത് ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു. മദ്യപിക്കുന്നതിന്റെ പേരില്‍ താന്‍ ഒരാളെയും ജഡ്ജ് ചെയ്യാറില്ലെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. മദ്യം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, ഒരിക്കലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.











