ഐഡിയ സ്റ്റാർ സിംഗറിലൂടെ തിളങ്ങിയ ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി

ഐഡിയ സ്റ്റാർ സിങറിൽ മത്സരാർഥിയായി വന്ന് ജീവിതം തന്നെ മാറിയ ​ഗായികയാണ് ദുർ​ഗ വിശ്വനാഥ്.സോഷ്യൽമീഡിയയിലും സജീവമായ ദുര്ഗ ഇപ്പോൾ വീണ്ടും വിവാഹിതയായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മലയാളികളുടെ പ്രിയ ഗായികയുടെ രണ്ടാം വിവാഹം ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

കണ്ണൂര്‍ സ്വദേശിയായ റിജുവാണ് ദുർഗയെ  താലി ചാർത്തിയത്. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരന്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ്. ദുർ​ഗയുടേയും റിജുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ഹ വാർത്തയും ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

പച്ച കാഞ്ചീവരം സാരിയിൽ സിംപിൾ ലുക്കിലാണ് ദുർ​ഗ എത്തിയത്. നിരവധി പേർ പുതിയ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന ദുർ​ഗയ്ക്ക് ആശംസകളുമായി എത്തി.

വർഷങ്ങൾക്ക് മുമ്പായിരുന്നു ദുർ​ഗയുടെ ആദ്യ വിവാഹം. ബിസിനസ്മാന്‍ ഡെന്നിസാണ് ദുര്‍ഗയെ വിവാഹം ചെയ്തത്. ഡെന്നിസ് ക്രിസ്ത്യനായതുകൊണ്ട് തന്നെ ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകൾ നടന്നിരുന്നു. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേതെന്ന് മുമ്പൊരിക്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർ​ഗ വിശ്വനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ ബന്ധത്തിൽ ദുർ​ഗയ്ക്ക് ഒരു മകളുമുണ്ട്. മിന്നുവെന്നാണ് മകളെ ദുർ​ഗ വിളിക്കാറുള്ളത്. ​ഗായികയെ പോലെ തന്നെ ഒരു കൊച്ചു ​ഗായികയാണ് മകളും.

കഴിഞ്ഞ കുറച്ച് വര്‍ഷത്തോളമായി ആദ്യ ഭർത്താവും ദുർ​ഗയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. എന്നാൽ ഇതുവരെയും തന്റെ വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ദുർ​ഗ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ പ്രചോദനവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ ദുർ​ഗ കുറിക്കാറുമുണ്ട് .

വേറിട്ട ശബ്ദമികവ് കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ ഗായിക യുസി കോളേജ് ആലുവയില്‍ നിന്ന് എംസിഎ പഠനം പൂര്‍ത്തിയാക്കിയിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന ദുര്‍ഗ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തി തുടങ്ങിയത്.

മമ്മൂട്ടി ചിത്രം പരുന്തിലാണ് ആദ്യമായി ​ദുർ​ഗ പിന്നണി പാടിയത്.  അതേസമയം ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് താരം ​ഗ്രാന്റ് ഫിനാലെ വരെ എത്തുകയും ചെയ്തിരുന്നു. ഐഡിയ സ്റ്റാർ‌ സിങർ സീസൺ രണ്ടിലായിരുന്നു ദുർ​ഗ മത്സരിച്ചത്.   2008 ഏപ്രിൽ 19ന്‌ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മെഗാഫൈനലിൽ പങ്കെടുത്ത മത്സരാർത്ഥികൾ നജീം അർഷാദ്, തുഷാർ എം.കെ, അരുൺ ഗോപൻ, ദുർഗ വിശ്വനാഥ് എന്നിവരായിരുന്നു. ഇവരിൽ ഒന്നാം നേടിയത് പിന്നീട് പിന്നണി ​ഗായകനായി പ്രശസ്തനായ നജീം അർഷാദാണ് രണ്ടാം സ്ഥാനമായിരുന്നു ദുർഗ വിശ്വനാഥിന്. ഐഡിയ സ്റ്റാർ‌ സിങറിനുശേഷം ചില സിനിമകളിൽ പിന്നണി പാടാൻ ദുർ​ഗയ്ക്ക് സാധിച്ചു. ഇപ്പോഴും സ്റ്റേജ് ഷോകളും മറ്റുമായി ​ദുര്ഗ  തിരക്കിലാണ്.