തോളിൽ ഷുഗർ ഗ്ലൈഡർ; സ്റ്റൈലിഷ് ലുക്കിൽ ടൊവിനോയും; ‘ബാച്ച്ലർ പാർട്ടി Deux’ പോസ്റ്റർ പുറത്ത്

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’-ലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോളിൽ ഷുഗർ ഗ്ലൈഡറുമായി വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ ‘നരകം ശൂന്യമാണ്, എല്ലാ പിശാചുക്കളും ഇവിടെയുണ്ട്’ എന്ന വരികളും പോസ്റ്ററിനൊപ്പം നൽകിയിട്ടുണ്ട്. നവംബർ 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.

2012-ൽ പുറത്തിറങ്ങി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷങ്ങൾക്കുശേഷം പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും ശൈലികളും ഉൾക്കൊണ്ട് എത്തുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തിന് ലഭിച്ച കൾട്ട് ക്ലാസിക് പദവിയും രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്നു.

യുവതാരങ്ങൾക്കും മലയാളത്തിലെ മുൻനിര അഭിനേതാക്കൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് അമൽ നീരദ് പുതിയ ചിത്രമൊരുക്കുന്നത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. താരങ്ങളുടെ വ്യത്യസ്തവും ഇതുവരെ കാണാത്തതുമായ ലുക്കുകൾ ഓരോ പോസ്റ്ററുകളിലൂടെയും പുറത്തുവരുന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്.

ഫ്രഞ്ച് വാക്കായ ‘D’EUX’ എന്ന പേരിന് ‘രണ്ട്’ എന്ന അർഥത്തിനൊപ്പം ‘അവരുടെ’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ എന്ന അർഥവും നൽകപ്പെടുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും കൈകാര്യം ചെയ്യുന്നു. ഉണ്ണി ആർ സംഭാഷണമൊരുക്കുമ്പോൾ തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസയാണ് വസ്ത്രാലങ്കാരം, റോണക്‌സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.