
മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പശ്ചാത്തലത്തിൽ മാധ്യമലോകത്തെയും വാര്‍ത്താ കവറേജുകളെയും കുറിച്ചുള്ള ഉദ്വേഗം നിറഞ്ഞ സംഭാഷണങ്ങളോടെ ആരംഭിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്.
ക പ്രാദേശിക കേബിൾ ടിവി നെറ്റ്‌വർക്കിന്റെ പശ്ചാത്തലത്തിൽ കോമഡിയും സസ്പെൻസും മാസ് മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്തകൾ” എന്ന പഞ്ച് ഡയലോഗോടെയാണ് ട്രെയിലർ മുന്നേറുന്നത്. ചിത്രത്തിലെ മാത്യു തോമസിന്റെയും ശ്രീനാഥ് ഭാസിയുടെയും പ്രകടനവും ദൃശ്യാവിഷ്കാരവും ശ്രദ്ധേയമാണ്.
ആഷാർ അമീർ, റിയാസ് കെ. മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അലൻ റോഡ്നിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബാബുരാജ്, ദിലീഷ് പോത്തൻ, സിദ്ദീഖ്, ശ്രീന്ദ, സുദേവ് നായർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന് വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവ്വഹിക്കുന്നു. ഒക്ടോബർ 21-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.












