‘ഈ പിള്ളേർ കൊള്ളാലോ…’; താരനിരയെ അണിനിരത്തി ‘ബാച്ച്ലർ പാർട്ടി Deux’യുടെ പുതിയ പോസ്റ്റർ

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം **‘ബാച്ച്ലർ പാർട്ടി Deux’**യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇരുകൈകളിലും തോക്കുകളുമായി നിൽക്കുന്ന ടൊവിനോ തോമസിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളെയും പോസ്റ്ററിൽ കാണാം. നേരത്തേ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

2012ൽ പുറത്തിറങ്ങി ആക്ഷൻ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷങ്ങൾക്കുശേഷം പുതിയ കാലത്തിന്റെ ജെൻ സി വൈബുമായി എത്തുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യഭാഗം കൾട്ട് ക്ലാസിക്കായി മാറിയതിനാൽ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഫ്രഞ്ച് ഭാഷയിലെ ‘D’EUX’ എന്ന പേരും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഫ്രഞ്ചിൽ രണ്ടുപേർ എന്ന അർത്ഥത്തിലും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ എന്ന അർത്ഥത്തിലും ഈ പ്രയോഗം വ്യാഖ്യാനിക്കപ്പെടുന്നു.

യുവതാരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ചിത്രം ഒരുക്കുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ. ക്രിസ്റ്റോ സേവ്യർ സംഗീതം ഒരുക്കുന്നു. സംഭാഷണം ഉണ്ണി ആറിന്റേതാണ്. തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പിആർഒ.