
അജയന്റെ രണ്ടാം മോഷണം സിനിമ ഇറങ്ങിയതിന് പിന്നാലെ നടി മമിത ബൈജുവിന് നന്ദി പറഞ്ഞ് സിനിമയിലെ നായകൻ ടൊവിനോ തോമസ്. എന്നാൽ സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത മമിതയ്ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് ചിന്തിക്കുകയാണ് ആരാധകർ. .
സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മമിത ചിത്രത്തിന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലൂടെ ടൊവിനോ തോമസ് . സിനിമയിലെ നായികയായ കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് നടി മമിത ബൈജുവാണ്. തെലുങ്ക് നടിയാണ് കൃതി ഷെട്ടി. ‘‘ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്.

മമിതയുടെ അടുത്ത് താനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞുവെന്നാണ് ടോവിനോയുടെ വാക്കുകൾ. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ഓണം റിലീസായാണ് എത്തിയത്. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ലാലാണ്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനുശേഷം മലയാളത്തിൽ റിലീസാവുന്ന ത്രീ ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മാജിക്ക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.











