
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാർക്കോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഏവരും. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. ഏതാനും നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത മാർക്കോയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ടീസറും റിലീസ് ചെയ്തിരുന്നു . വൻ പ്രേക്ഷക സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരുന്നത് . ഉണ്ണി മുകുന്ദൻ തന്നെയാണ് എല്ലാ ഭാഷകളിലും കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. ഇപ്പോഴിതാ അഞ്ച് മില്യൺ കാഴ്ചക്കാരെന്ന നേട്ടവും ടീസർ സ്വന്തമാക്കി കഴിഞ്ഞു.

മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ത്രില്ലറാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വാർത്തകൾ . അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.











