ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഒക്ടോബർ 16 മുതൽ

ഉർവശി കേന്ദ്രകഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ചിത്രം ‘ആശ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജോജു ജോർജും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒക്ടോബർ 16 മുതൽ സീ5 മലയാളത്തിലൂടെ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ സിനിമയുടെ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

സഫർ സനൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ ആകസ്മികമായി സംഭവിക്കുന്ന ഒരു അപകടത്തെയും തുടർന്ന് അരങ്ങേറുന്ന ഉദ്വേഗജനകമായ സംഭവങ്ങളെയും ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ഷാൻ മുഹമ്മദും സംഗീത സംവിധാനം ഗോവിന്ദ് വസന്തയും നിർവഹിച്ചിരിക്കുന്നു. തിയറ്ററുകളിൽ ശ്രദ്ധ നേടിയ ‘ആശ’ ഒടിടിയിലെത്തുന്നതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 16 മുതൽ സീ5 മലയാളത്തിൽ ചിത്രം കാണാം.