ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രകഥയുമായി വിജയ് ദേവരകൊണ്ട; ‘രണബാലി’ ടീസർ പുറത്ത്

വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചരിത്ര ആക്ഷൻ ചിത്രം ‘രണബാലി’യുടെ ടീസർ പുറത്തിറങ്ങി. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതുവരെ കാണാത്ത തീക്ഷ്ണമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ സ്മരണയ്ക്കായി സമർപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ, മദ്രാസ് പ്രസിഡൻസിയിൽ ബ്രിട്ടീഷുകാർ സൃഷ്ടിച്ച പട്ടിണിയും പീഡനങ്ങളുമാണ് പശ്ചാത്തലം. ക്രൂരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സർ തിയോഡോർ ഹെക്ടറുടെ നിർദ്ദേശപ്രകാരം ഇന്ത്യക്കാരുടെ ധാന്യങ്ങൾ കൊള്ളയടിക്കപ്പെടുമ്പോൾ, അതിനെതിരെ സിംഗനമല ബൊബ്ബിലി രണബാലി എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട പോരാട്ടത്തിനിറങ്ങുന്നതാണ് ടീസറിന്റെ പ്രധാന ആകർഷണം.

വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി-സീരീസാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ക്രൂരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സർ തിയോഡോർ ഹെക്ടറായി ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂ വേഷമിടുന്നു. ഇതൊരു ബയോപിക്കല്ലെന്നും, മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.