
മലയാള സിനിമയിലെ ബാലതാരങ്ങളിൽ ശ്രദ്ധേയയായ വൃദ്ധി വിശാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ബിഗ് ബോസ് വിജയി അഖിൽ മാരാർ, നടി അഞ്ജലി നായർ, ഡോ. റോബിൻ രാധാകൃഷ്ണൻ എന്നിവരെ ട്രോളിക്കൊണ്ടാണ് വൃദ്ധി ഇത്തവണ എത്തിയിരിക്കുന്നത്. ‘മൂക്കില്ലാ രാജ്യത്ത്’ എന്ന പ്രശസ്തമായ സിനിമയിലെ ഡയലോഗുകൾ ഉപയോഗിച്ചാണ് താരം ഈ പാരഡി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
സമീപകാലത്ത് വിവിധ രാഷ്ട്രീയ സാഹചര്യങ്ങളുമായും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായും ബന്ധപ്പെട്ട് അഖിൽ മാരാരും അഞ്ജലി നായരും നടത്തിയ പ്രകടനങ്ങളെയും പ്രതികരണങ്ങളെയും ഹാസ്യാത്മകമായി ഈ വീഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്. “നിങ്ങടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്മാരേ” എന്ന ഹിറ്റ് ഡയലോഗിലൂടെയാണ് താരം ഈ ട്രോൾ വീഡിയോ പൂർത്തിയാക്കുന്നത്. കുട്ടിക്കാലം മുതൽക്കേ തകർപ്പൻ നൃത്തച്ചുവടുകളിലൂടെയും അഭിനയത്തിലൂടെയും ആരാധകരെ നേടിയെടുത്ത വൃദ്ധിയുടെ ഈ പുതിയ പരീക്ഷണവും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ഉണ്ടാകുന്നത്. വൃദ്ധിയുടെ അഭിനയത്തെയും അവതരണത്തെയും പലരും പുകഴ്ത്തുമ്പോൾ, ഇത്തരത്തിലുള്ള ട്രോളുകൾ കുട്ടികൾ ചെയ്യുന്നത് ശരിയാണോ എന്ന രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഏതായാലും താരത്തിന്റെ പുതിയ റീൽസ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായി മാറിക്കഴിഞ്ഞു.











