പ്രായത്തെ മറികടക്കാൻ സ്വത്തിന് കഴിയില്ല”: അണ്ഡ ശീതീകരണത്തെക്കുറിച്ചുള്ള ഉപാസനയുടെ അഭിപ്രായത്തെ വിമർശിച്ച് ചലച്ചിത്ര നിരൂപകൻ ചേഗുവേര

ടോളിവുഡ് സൂപ്പർതാരം രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കാമിനേനി അണ്ഡ ശീതീകരണത്തെക്കുറിച്ച് (Egg Freezing) നടത്തിയ പ്രസ്താവന ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചയാവുന്നു. സ്ത്രീകൾ കരിയറിന് മുൻഗണന നൽകി അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കണമെന്ന ഉപാസനയുടെ അഭിപ്രായത്തോട് വിയോജിച്ച് തമിഴ് ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ചേഗുവേര രംഗത്തെത്തി.

ഹൈദരാബാദിൽ ഐഐടി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കരിയർ കൗൺസിലിംഗ് പരിപാടിക്കിടെയാണ് ഉപാസന ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സ്ത്രീകളെ സംബന്ധിച്ച് കരിയർ പ്രാധാന്യമുള്ളതാണെന്നും, പിന്നീട് കുട്ടികൾക്കായി അണ്ഡങ്ങൾ ശീതീകരിക്കുന്നത് തെറ്റായ രീതിയല്ലെന്നും ഉപാസന പറഞ്ഞിരുന്നു.

എന്നാൽ, ഈ അഭിപ്രായത്തെ ചേഗുവേര ശക്തമായി വിമർശിച്ചു. ഉപാസന പറയുന്നതുപോലെ എത്ര സ്വത്തുക്കൾ മക്കൾക്ക് വേണ്ടി മാറ്റിവെച്ചാലും പ്രായം ഒരു നിർണായക ഘടകമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദമ്പതികൾക്ക് പത്ത് വർഷത്തിന് ശേഷം കുഞ്ഞ് ജനിക്കുകയാണെങ്കിൽ, ആ കുഞ്ഞിന് 20 വയസ്സാകുമ്പോൾ മാതാപിതാക്കൾക്ക് ഏകദേശം 60 വയസ്സ് പ്രായമുണ്ടാകും.

“ഓരോ കാലഘട്ടത്തിൽ ചെയ്യേണ്ട കടമകൾ ആ സമയത്ത് തന്നെ ചെയ്യണം. 35 വയസ്സിൽ മക്കളെ എൽ.കെ.ജിയിൽ കൊണ്ടുപോവുക എന്നത് പ്രായോഗികമല്ല. പ്രായമേറുമ്പോൾ ജോലിയും കുഞ്ഞിനെ നോക്കുന്നതും ഒരുമിച്ച് കൊണ്ടുപോകാൻ സാധാരണക്കാർക്ക് കഴിയില്ല. ഉപാസനയുടേത് സാധാരണ ജീവിത സാഹചര്യങ്ങളല്ല. അവർക്ക് ഇങ്ങനെ ചെയ്യാൻ സാധിച്ചേക്കാം. എന്നാൽ എല്ലാവർക്കും ഇത് ഉപദേശിക്കരുത്.” – ചേഗുവേര പറഞ്ഞു.

അണ്ഡം ശീതീകരിക്കുന്നതിന് വലിയ സാമ്പത്തിക ചെലവ് ആവശ്യമുണ്ട്. കോടികൾ ആസ്തിയുള്ള ഉപാസനയെപ്പോലുള്ളവർക്ക് ഈ ഉപദേശം എളുപ്പത്തിൽ നൽകാനാകും. എന്നാൽ സാധാരണക്കാരായ സ്ത്രീകൾക്ക് ഈ ഉപദേശം പ്രായോഗികമായി ഉൾക്കൊള്ളാൻ കഴിയില്ലെന്ന വിമർശനവും ആദ്യമേ ഉയർന്നിരുന്നു. ഈ വിമർശനങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ചേഗുവേരയുടെ പ്രതികരണവും എത്തിയിരിക്കുന്നത്.