
മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ (Patriot) എന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂട്ടി. ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ചെയ്ത ‘ലെജൻഡ്‌സ് ഹാങ്ങൗട്ട്’ എന്ന പ്രത്യേക ചാറ്റ് ഷോയിലാണ്, ചിത്രത്തിലേക്ക് മോഹൻലാലിനെ തിരഞ്ഞെടുത്തതിന്റെ കാരണം മമ്മൂട്ടി വ്യക്തമാക്കിയത്. ഈ കഥാപാത്രത്തിന് മോഹൻലാലിനെപ്പോലെ കരുത്തനായ ഒരു നടന്റെ സാന്നിധ്യം അത്യാവശ്യമായിരുന്നുവെന്നും അത് താൻ തന്നെ ആവശ്യപ്പെട്ടതാണെന്നും മമ്മൂട്ടി വെളിപ്പെടുത്തി.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് ഒരു സാധാരണ വേഷമല്ലെന്നും കഥയുടെ ഗതിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ ഒരു കഥാപാത്രമാണെന്നും മമ്മൂട്ടി പറഞ്ഞു. മഹേഷ് നാരായണൻ ഈ പ്രൊജക്റ്റുമായി വന്നപ്പോൾ തന്നെ മോഹൻലാലിന്റെ ഡേറ്റും ഇതിനായി ഉറപ്പിക്കണമെന്നു താൻ നിർദ്ദേശിച്ചിരുന്നു. മികച്ചൊരു കഥയും അതിശക്തമായ കഥാപാത്രങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിന് അർത്ഥമുള്ളൂവെന്നും, പേട്രിയറ്റിൽ അത്തരമൊരു അവസരമാണ് കൈവന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയെക്കുറിച്ചും ഇരുവരും തമ്മിലുള്ള മത്സരബുദ്ധിയെക്കുറിച്ചും അവതാരകൻ പ്രകാശ് വർമ്മ ചോദിച്ചപ്പോൾ വളരെ രസകരമായാണ് മമ്മൂട്ടി പ്രതികരിച്ചത്. മോഹൻലാൽ മികച്ച രീതിയിൽ അഭിനയിക്കുമ്പോൾ തനിക്ക് കൂടുതൽ ഊർജ്ജം ലഭിക്കുമെന്നും, അത് സിനിമയുടെ വിജയത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ സ്പൈ ത്രില്ലർ മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.











