നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍!!

പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയെ വഞ്ചിച്ച കേസില്‍ രവീന്ദറിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ ആണ് അറസ്റ്റ്. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനിയുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍.

ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് രവീന്ദര്‍ ചന്ദ്രശേഖരനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020-ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. 2020 ഒക്ടോബറില്‍, മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റി പവര്‍ പ്രോജക്ടില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ നിര്‍മ്മാതാവ് സമീപിച്ചെന്നും നല്ല ലാഭം നല്‍കാനായി സാമ്പത്തിക സഹായം തേടിയെന്നും രവീന്ദര്‍ ചന്ദ്രശേഖരനെതിരെ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ രവിന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. രവീന്ദറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് രവിന്ദര്‍ നടി മഹാലക്ഷ്മിയെ വിവാഹം ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.