‘പ്രതീക്ഷിക്കാത്ത സമയത്ത് പുള്ളിയുടെ ഇടി, അടിക്കുകയല്ല, മൂക്കിനിട്ട് ഇടിയായിരുന്നു’; അനുഭവം പറഞ്ഞ് ഫിറോസ് ഖാൻ

ഫിറോസ് ഖാൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസിലായില്ലെങ്കിലും ഡെയിഞ്ചറസ് ഫിറോസ് എന്ന പേര് കേട്ടാൽ പെട്ടെന്ന് മലയാളികൾക്ക് ചിരി വരും. ബി​ഗ് ബോസിൽ ഒക്കെ എത്തുന്നതിന് മുമ്പ് പ്രാങ്ക് ഷോ നടത്തിയാണ് ഫിറോസ് പ്രേക്ഷകർക്ക്…

ഫിറോസ് ഖാൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസിലായില്ലെങ്കിലും ഡെയിഞ്ചറസ് ഫിറോസ് എന്ന പേര് കേട്ടാൽ പെട്ടെന്ന് മലയാളികൾക്ക് ചിരി വരും. ബി​ഗ് ബോസിൽ ഒക്കെ എത്തുന്നതിന് മുമ്പ് പ്രാങ്ക് ഷോ നടത്തിയാണ് ഫിറോസ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഡെയിഞ്ചറസ് എന്ന പരിപാടി ഒരുകാലത്ത് വൻ ഹിറ്റുമായിരുന്നു. എന്നാൽ, തന്റെ ഷോ അവതരിപ്പിക്കുന്നതിനിടെ ചീത്തവിളിയും അടിയുമൊക്കെ കിട്ടിയിട്ടുണ്ടെന്നാണ് ഫിറോസ് പറയുന്നത്. അടി കിട്ടുന്ന സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിന് പോലും സമയം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു.

ഒരിക്കൽ ചിത്രീകരണമാണെന്ന് തോന്നിക്കുന്ന തരത്തിൽ ഒരു പ്രാങ്ക് നടത്തിയിരുന്നു. അന്ന് ഒരാളെ കൊണ്ട് ഷഡ്ഡിയുടെ പരസ്യം അഭിനയിപ്പിച്ചു. ഷാരൂഖ് ഖാനെ വെച്ച് ചെയ്യാനിരുന്ന പരസ്യമാണെന്നും അദ്ദേഹം വരില്ലെന്ന് പറഞ്ഞുവെന്നുമുള്ള കഥയുണ്ടാക്കി ലൊക്കേഷനിൽ നിന്നും ഒരാളെ എടുത്ത് ചെയ്യാമെന്ന് തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ അവിടെ കണ്ട ഒരാളോട് ഇക്കാര്യം പറഞ്ഞ് അവനെ കൊണ്ട് തമാശരൂപേണ അഭിനയിപ്പിച്ചു. അതൊക്കെ ഒരു രസമായിരുന്നു. ഒരിക്കൽ ഞാൻ ഓട്ടോക്കാരനായി ഇരിക്കുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷന്റെ പുറത്ത് വച്ചാണ് സംഭവം. ട്രെയിൻ ഇറങ്ങി വരുന്നവർ വേഗം ഓട്ടോ വിളിച്ച് ഓഫീസിലേക്കും മറ്റുമൊക്കെ തിരക്കിട്ട് പോകുന്നവരായിരിക്കും. അങ്ങനെ ഒരാൾ വന്ന് ഓട്ടോയിൽ കയറി. ഉടനെ ചേട്ടാ വണ്ടി മൂവ് ആയാൽ പോലും മിനിമം കാശ് പത്ത് രൂപയാണെന്ന് പറഞ്ഞു. അദ്ദേഹം ആയിക്കോട്ടെ എന്നും പറഞ്ഞു. അങ്ങനെ വണ്ടി എടുത്ത ഉടനെ ഞാനത് ഓഫാക്കി.

വണ്ടി കേടായെന്ന് പറഞ്ഞതോടെ പുള്ളി വേറൊരു ഓട്ടോറിക്ഷ പിടിച്ച് പോകാൻ തുടങ്ങി. ഞാൻ അദ്ദേഹത്തെ വിളിച്ചിട്ട് പൈസ തന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. അയാളെ ദേഷ്യം പിടിപ്പിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ചെലപ്പോൾ തല്ലുമെന്നും എനിക്കറിയാം. അങ്ങനെ വരുമ്പോൾ ഒഴിഞ്ഞ് മാറുകയാണ് പതിവ്. പക്ഷേ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പുള്ളിയുടെ അടി. ഓട്ടോറിക്ഷയിലേക്ക് കയറ്റിയിട്ട് അദ്ദേഹം അടിക്കുകയല്ല, മൂക്കിനിട്ട് ഇടിക്കുകയാണ് ചെയ്തത്. എന്റെ മൂക്കിലൂട രക്തം വന്നു. അങ്ങനത്തെ അനുഭവം ഉണ്ടായി. ഇതുപോലെ മുതുകത്ത് ഇടി കിട്ടിയ സംഭവവും ഉണ്ട്. ബസ് സ്‌റ്റോപ്പിൽ കള്ളനായിട്ട് അഭിനയിക്കുമ്പോഴാണ് ഇതെന്നും ഫിറോസ് പറഞ്ഞു.