ലക്ഷദ്വീപില്‍ നിന്നൊരു പ്രണയഗാനം, ശ്രദ്ധ നേടി ഐഷ സുല്‍ത്താനയുടെ ഫ്‌ലഷിലെ ഗാനം!!

ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ലഷ് എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. കൈലാസ് മേനോന്റേ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ഗാനം, ലക്ഷദ്വീപിലെ ജസരി ഭാഷയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രണയഗാനമായി ഒരുക്കിയ…

ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ലഷ് എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. കൈലാസ് മേനോന്റേ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ഗാനം, ലക്ഷദ്വീപിലെ ജസരി ഭാഷയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രണയഗാനമായി ഒരുക്കിയ ഗാനരംഗത്തില്‍ ലക്ഷദ്വീപിന്റെ മനോഹാരിതയും ഒപ്പിയെടുത്തിരിക്കുന്നു. ഷഫീഖ് കില്‍ത്താന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കുന്ന സിനിമ എന്ന രീതിയില്‍ ശ്രദ്ധ നേടിയ ചിത്രം, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. വമ്പന്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്ന കാലത്ത്, ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി അവിടുത്തെ തന്നെ കഥ പറയുന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷക ശ്രദ്ധ വളരെ വലുതായിരുന്നു. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന് കൂടി ഈ ചിത്രത്തിലൂടെ വരച്ച് കാട്ടുന്നു. നായിക കഥാപാത്രത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയാണ് ഫ്‌ലഷ്.

സ്ത്രീയെ ചിത്രത്തില്‍ പ്രകൃതിയോട് ഉപമിച്ചിരിക്കുന്നു. അതേസമയം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകണം എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ആത്മഹത്യ ഒരു പരിഹാരമായി തേടിപ്പോകുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നാണ് സംവിധായിക ഐഷ സുല്‍ത്താന ഒരിക്കല്‍ പറഞ്ഞിരുന്നത്. മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത്.

 

ബീനാ കാസിം ആയിരുന്നു നിര്‍മ്മാണം. ക്യാമറ- കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍ എന്നിവരായിരുന്നു മറ്റ് അണിയറ പ്രവര്‍ത്തകര്‍.