‘ഈ വര്‍ഷത്തെ ഏറ്റവും ബോറന്‍ സിനിമ, ചേരാത്ത വേഷങ്ങള്‍ ചെയ്തു സിനിമാഭാവി കളയാതെ’

ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ല്‍ ‘ഹേ ജൂഡ്’ എന്ന സിനിമയ്ക്കായി നിവിന് ശരീരഭാരം വര്‍ധിപ്പിക്കേണ്ടതായി വന്നു. അതിനു ശേഷം മാറ്റമുണ്ടായെങ്കിലും തീര്‍ത്തും പഴയ രൂപത്തിലേക്കുള്ള നിവിനെ…

ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ല്‍ ‘ഹേ ജൂഡ്’ എന്ന സിനിമയ്ക്കായി നിവിന് ശരീരഭാരം വര്‍ധിപ്പിക്കേണ്ടതായി വന്നു. അതിനു ശേഷം മാറ്റമുണ്ടായെങ്കിലും തീര്‍ത്തും പഴയ രൂപത്തിലേക്കുള്ള നിവിനെ കാണാന്‍ ആരാധകര്‍ക്ക് വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അടുത്തിടെ താരം വലിയ തോതിലുള്ള ബോഡി ഷേമിംഗ് നേരിട്ടിരുന്നു. താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ നിവിന്‍ പോളിയെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇനിയെങ്കിലും ചേരാത്ത വേഷങ്ങള്‍ ചെയ്തു സിനിമാഭാവി കളയാതെ സൂക്ഷിച്ചു ചുവടുകള്‍ വെച്ചു കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാവുന്ന സിനിമകളില്‍ എത്തിയാല്‍ നിവിന് പിടിച്ചു നില്‍ക്കാമെന്നാണ് ഫ്യൂരി ചാര്‍ലി മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന നെറ്റിപ്പട്ടം ഒരുകാലത്ത് ഉണ്ടായിരുന്ന നിവിന്‍ എങ്ങിനെയാണ് ഒരു വാര്‍ത്തയെ അല്ലാതായി മാറിയത് എന്നതില്‍ ഒരു അത്ഭുതവും ഇല്ല. തന്റെ ആരാധകര്‍ കുട്ടികള്‍ മുതല്‍ ടീനേജേഴ്‌സ് വരെയുള്ളവര്‍ മാത്രമാണ് എന്നത് മനസ്സിലാക്കാതെ അതിഗൗരവമുള്ള എടുത്താല്‍ പൊങ്ങാത്ത സിനിമകള്‍ ഏറ്റെടുത്തത് മാത്രമാണ് നിവിന്‍ ഇന്നത്തെ അവസ്ഥയില്‍ എത്താന്‍ കാരണം.
എന്തായിരുന്നു നിവിന്റെ ലാസ്റ്റ് ഹിറ്റ് എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഓര്‍മ്മ പോലും ഉണ്ടാവില്ല. മഹാവീര്യര്‍ ആണ് ഈ വര്‍ഷം ആദ്യം എത്തിയത്. എന്താണെന്നോ എന്താണെന്നോ കണ്ടവര്‍ക്കും മനസിലായില്ല അഭിനയിച്ച നിവിനും മനസ്സിലായില്ല. കഥ വേണമെങ്കില്‍ കാണികള്‍ കണ്ട് പിടിക്കട്ടെ എന്ന സംവിധായകന്റെ ഹുങ്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. നിവിന് യാതൊരു ഗുണവും ഉണ്ടാക്കാതെ ചിത്രം മറവിയില്‍ മറഞ്ഞു പോയി.
പിന്നീട് വന്ന പടവെട്ട് ആകട്ടെ നിവിന്റെ അഭിനയ ശേഷിക്കുറവ് ശരിക്കും എടുത്ത് കാട്ടി. സ്ലാങ്ങുകള്‍ വഴങ്ങാത്തതും ശരീരം കൊണ്ടു അഭിനയിക്കാന്‍ കഴിയാത്തതുമൊക്കെ വല്ലാതെ തെളിഞ്ഞു നിന്നു. സംവിധായകന്റെ മനസ്സിലെ എന്തിനോടൊക്കെയോ ഉള്ള സങ്കല്പിക പടവെട്ട് പൊതുവെ സുഖസൗകര്യത്തില്‍ ജീവിക്കുന്ന കേരളാ ജനത ഏറ്റെടുക്കാത്തത്തില്‍ ഒരു അത്ഭുതവും തോന്നിയില്ല. പട്ടിണി ദാരിദ്ര്യം തൊഴിലില്ലായ്മ ഒക്കെ തല്ക്കാലം മലയാളിയുടെ കണ്ണ് നിറയ്ക്കാനും ചോര തിളയ്ക്കാനും ഉതകും എന്ന് തോന്നുന്നുമില്ല. പതിവ് പോലെ ഫേസ്ബുക്കില്‍ സിനിമ ഹിറ്റ് ആയിരുന്നു. തീയറ്ററില്‍ ആള് കയറിയില്ല.
ഇതൊക്കെ സഹിച്ച പ്രേക്ഷകരുടെ മുന്‍പിലേക്കാണ് നിവിന്‍ സാറ്റര്‍ഡേ നൈറ്റുമായി എത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ബോറന്‍ സിനിമയ്ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ അത് ഗോള്‍ഡിനും ഇതിനും വീതിച്ചു കൊടുക്കണം. എന്നിട്ട് ആ തുക സഹിച്ചിരുന്നു സിനിമ കണ്ട കാണികള്‍ക്ക് വീതിച്ചു കൊടുക്കണം. പൊണ്ണതടിയുടെ പേരില്‍ നിവിന്റെ നെഞ്ചിലേക്ക് വന്ന വെടികള്‍ കൊറിയന്‍ കാണികളുടെ വിശേഷം പറഞ്ഞ റോഷന്‍ ആന്ഡ്‌റൂസ് കേറി ഏറ്റ് വാങ്ങിയത് കൊണ്ടു നിവിന്‍ തല്ക്കാലം രക്ഷപെട്ടു എന്ന് മാത്രം.
ഇനിയെങ്കിലും ചേരാത്ത വേഷങ്ങള്‍ ചെയ്തു സിനിമാഭാവി കളയാതെ സൂക്ഷിച്ചു ചുവടുകള്‍ വെച്ചു കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാവുന്ന സിനിമകളില്‍ എത്തിയാല്‍ നിവിന് പിടിച്ചു നില്‍ക്കാം. അല്ലെങ്കില്‍ കൊച്ചിക്കാരുടെ തിണ്ണ നിരങ്ങി ഇങ്ങനെ വര്‍ഷങ്ങള്‍ തള്ളിവിടാമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.