500 കോടിയിലേക്ക് ഗദ്ദർ 2 ; ഷാരൂഖിനെ പിന്നിലാക്കാൻ സണ്ണി ഡിയോൾ

ബോളിവുഡ് ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് സണ്ണി ഡിയോൾ നായകനായെത്തിയ ‘ഗദ്ദർ 2‘. ആഗസ്ത് 11 ന് റിലീസ് ചെയ്ത ചിത്രം ഇത് വരെ ആഗോളതലത്തിൽ 420 കോടി രൂപ നേടിയെന്നാണ് റിപോർട്ടുകൾ വരുന്നത്.…

ബോളിവുഡ് ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് സണ്ണി ഡിയോൾ നായകനായെത്തിയ ‘ഗദ്ദർ 2‘. ആഗസ്ത് 11 ന് റിലീസ് ചെയ്ത ചിത്രം ഇത് വരെ ആഗോളതലത്തിൽ 420 കോടി രൂപ നേടിയെന്നാണ് റിപോർട്ടുകൾ വരുന്നത്. അതികം വൈകാതെ തന്നെ ചിത്രത്തിന്റെ കളക്ഷൻ 500 കോടി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡിനെ തന്നെ അമ്പരപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കളക്ഷന്‍ മുന്നേറുന്നത്. 2001ല്‍ പുറത്തിറങ്ങിയ വിജയ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’ യുടെ രണ്ടാം ഭാഗമാണ് ‘ഗദ്ദർ 2‘. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയത്. അവർ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായികാ നായകന്മാർ. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് നിര്‍മ്മാതാവും.ഇന്ത്യയിൽ നിന്ന് 10.40 കോടി രൂപയാണ് ഇന്നലെ മാത്രം ചിത്രം നേടിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം പഠാന് ശേഷമുള്ള വലിയ ഹിറ്റായിരിക്കുകയാണ് ‘ഗദ്ദർ 2‘.

തൊണ്ണൂറുകളിലെ ബോളിവുഡിന്റെ പൗരുഷ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ സണ്ണി ഡിയോൾ, ഏതാണ്ട് പൂർണമായും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിന്നതിനു ശേഷമാണ് ‘ഗദ്ദർ 2‘ വുമായി മടങ്ങിയെത്തിയിരുന്നത്. എന്നാൽ മുൻനിര പ്രൊഡക്ഷൻ ​സ്റ്റുഡിയോകളെല്ലാം ഏറ്റെടുക്കാൻ മടിച്ചു നിന്ന അവസരത്തിൽ ചിത്രത്തിന്റെ സംവിധായകനായ അനില്‍ ശര്‍മ തന്നെ നിർമ്മാണ ചുമതല കൂടി ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ബോളിവുഡിനെ ആകമാനം അമ്പരപ്പിച്ചു കൊണ്ടാണ് ചിത്രം വൻ വിജയത്തിലേക്ക് കയറി പോയത്. ഇന്ത്യ-പാക് വിഭജന കാലത്തെ സക്കീനയുടെയും താര സിംഗിന്റെയും പ്രണയ കഥയായിരുന്നു ഗദര്‍: ഏക് പ്രേം കഥ പറഞ്ഞിരുന്നത്. ചിത്രം രണ്ടാം ഭാഗത്തിലേക്കെത്തുമ്പോൾ 1971 ലെ ഇന്ത്യ പാക് യുദ്ധ കാലത്ത് താര സിംഗിന്റെ കുടുംബം നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് സിനിമയുടെ കഥ. സിനിമയുടെ ബജറ്റ് 80 കോടി രൂപയാണ്. മുടക്കു മുതലും നേടിയ കളക്ഷനും താരതമ്യപ്പെടുത്തുകയാണെങ്കിൽ സമീപ കാലത്ത് ബോളിവുഡിൽ നിന്നുള്ള വൻ വിജയമാണ് ചിത്രമെന്ന് മനസിലാക്കാം.