‘മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല, വന്നാല്‍ ഉടന്‍ കാണാന്‍ വരും’!! ടിപി മാധവനെ സന്ദര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍

മലയാള സിനിമയിലെ ശ്രദ്ധേയമായ താരമായിരുന്നു നടന്‍ ടിപി മാധവന്‍. മുന്‍നിര താരങ്ങളോടൊപ്പമെല്ലാം ശ്രദ്ധേയ വേഷം ചെയ്ത താരത്തിന് ഇപ്പോള്‍ താരപ്പൊലിമയില്ലാത്ത ജീവിതമാണ്. ഏറെ നാളായി ഗാന്ധി ഭവന്‍ അന്തേവാസിയാണ് മാധവന്‍. 600ല്‍ അധികം ചിത്രങ്ങളിലൂടെ…

മലയാള സിനിമയിലെ ശ്രദ്ധേയമായ താരമായിരുന്നു നടന്‍ ടിപി മാധവന്‍. മുന്‍നിര താരങ്ങളോടൊപ്പമെല്ലാം ശ്രദ്ധേയ വേഷം ചെയ്ത താരത്തിന് ഇപ്പോള്‍ താരപ്പൊലിമയില്ലാത്ത ജീവിതമാണ്. ഏറെ നാളായി ഗാന്ധി ഭവന്‍ അന്തേവാസിയാണ് മാധവന്‍. 600ല്‍ അധികം ചിത്രങ്ങളിലൂടെ ആരാധക മനസ്സില്‍ ഇടം പിടിച്ച താരമാണ് മാധവന്‍. ഇപ്പോഴിതാ ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ മണ്ഡലത്തിലുള്ള പത്തനാപുരം ഗാന്ധി ഭവനിലെത്തി ടിപി മാധവനെ സന്ദര്‍ശിച്ചിക്കുകയാണ് നടന്‍ കൂടിയായ ഗണേഷ് കുമാര്‍.

ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും ഗണേഷ് കുമാര്‍ പങ്കെടുത്തു. മാധവനെ ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ കാണാന്‍ വരുമെന്നും വാഗ്ദാനം നല്‍കിയാണ് ഗണേഷ് കുമാര്‍ മടങ്ങിയത്. മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ ഇനിയും വരുമെന്നും പറഞ്ഞാണ് ഗണേഷ് കുമാര്‍ യാത്ര പറഞ്ഞത്.

2015ലാണ് ഗാന്ധിഭവനിലേക്ക് മാധവന്‍ എത്തിയത്. പക്ഷാഘാതം വന്ന ശേഷം വിശ്രമത്തിലാണ് താരം. ഒന്‍പതുകൊല്ലമായി ഇവിടുത്തെ അന്തേവാസിയാണ് താരം. 1994-1997 കാലഘട്ടത്തില്‍ മലയാളം മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനായ അമ്മയുടെ സെക്രട്ടറിയും 2000-2006 കാലഘട്ടത്തില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു മാധവന്‍.

സിനിമകള്‍ക്കൊപ്പം തന്നെ ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു മാധവന്‍. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയിലുണ്ടായ പക്ഷാഘാതമാണ് അദ്ദേഹത്തെ തളര്‍ത്തിയത്. വ്യക്തമായ ഓര്‍മ്മ പോലും ഇല്ലാത്ത അവസ്ഥയിലാണ് താരം. ഗാന്ധിഭവനില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ടിപി മാധവനെ കാണാന്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ജയരാജ് വാര്യര്‍, നടി ചിപ്പി, ഭര്‍ത്താവും നിര്‍മാതാവുമായ എം.രഞ്ജിത്, മധുപാല്‍ തുടങ്ങിയ താരങ്ങളൊക്കെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് അവസാനകാലം വരെ ഗാന്ധിഭവന്‍ തന്നെ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവന്റെ പ്രവര്‍ത്തകര്‍ പറയുന്നു.

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മാധവന്റെ മകനാണ്. എന്നാല്‍ മകന് അച്ഛനുമായിട്ടൊന്നും അടുപ്പമില്ല. ജീവിതത്തില്‍ താന്‍ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് മകന്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞുനാളില്‍ തങ്ങളൈ ഉപേക്ഷിച്ചുപോയതാണെന്നാണ് അദ്ദേഹത്തിന്റെ മകന്‍ പറയുന്നത്.