വാശി കേറ്റല്ലേ; പാർട്ടി പറഞ്ഞാൽ അഖിൽ മാരാർ മത്സരിക്കാൻ തയാർ

നിമയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരിക്കൊള്ളുമ്പോൾ സെലിബ്രെറ്റികൾ മത്സരാർത്ഥികളാകുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു. ഇതിനിടെ കൊല്ലം കൊട്ടാരക്കരയിൽ ബി​ഗ് ബോസ് വിജയിയും നടനും സംവിധായകനുമായ അഖിൽ മാരാർ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് അഖിൽ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

ഇതെല്ലാം ഒരുവശത്ത് നടക്കുന്നതിനിടെ മൂന്ന് വർഷം മുൻപ് ബിഗ് ബോസിലേക്കുള്ള തന്റെ രംഗപ്രവേശനം ആണ് ഓർമ്മ വരുന്നതെന്ന് പറയുകയാണ് അഖിൽ മാരാർ. വാശി കയറ്റുന്നതും വെല്ലുവിളികളും തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ അഖിൽ മാരാർ, അതാണ് ബിഗ് ബോസ്സിൽ പോകാൻ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നും പറയുന്നു.
തന്റെ ആഗ്രഹം കോൺഗ്രസ്സ് അധികാരത്തിൽ എത്തണമെന്നാണെന്നും അതിനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖിൽ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും ജയ സാധ്യത ലക്ഷ്യം വെച്ച് അർഹത ഉള്ളവരെ കണ്ടെത്തി കോൺഗ്രസ്സ് ജയിപ്പിക്കട്ടെയെന്നും അഖിൽ മാരാർ കൂട്ടിച്ചേർക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എന്റെ പേര് ചർച്ച ആക്കുന്നത് കാണുമ്പോൾ 3 വർഷം മുൻപ് ബിഗ് ബോസിലേക്കുള്ള എന്റെ രംഗ പ്രവേശനം ആണ് ഓർമ്മ വരുന്നത്.

ബിഗ് ബോസ്സ് ഒരിക്കൽ പോലും കാണാത്ത ഞാൻ. ആ ഷോ വളരെ മോശം ആണെന്ന് ചിന്തിച്ചിരുന്ന ഞാൻ അവിചാരിതമായി ഉണ്ണി മുകുന്ദന്റെ താല്പര്യ പ്രകാരം മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ പങ്കെടുക്കുന്നു. ആ ചർച്ചയിൽ സീക്രെട് ഏജന്റ് സായിയെ പരിഹസിച്ചു സംസാരിക്കവേ റോബിൻ രാധാകൃഷ്ണൻ എന്ന മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയെ പരാമർശിക്കുന്നു.

അതോടെ ബിഗ് ബോസ്സ് പ്രേക്ഷകർ ഒന്നടങ്കം എന്നെ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ ഒഡിഷന് പോലും പോയിട്ടില്ലാത്ത ഞാൻ സീസൺ 5 ഇൽ മത്സരിക്കുന്നു എന്ന വാർത്തകൾ കൊടുത്തു. ഇത് കണ്ടിട്ട് പബ്ലിസിറ്റിക്ക് വേണ്ടി ഞാൻ ചെയ്യിക്കുന്നതാണ് എന്നൊരു പരിഹാസം എന്റെ നാട്ടുകാരിൽ ചിലരിൽ നിന്നും വന്നു.

നീ മത്സരിച്ചാൽ ആദ്യ ആഴ്ച പുറത്താക്കും എന്ന് ബിഗ് ബോസ്സ് പ്രേക്ഷകരിൽ ഒരു വിഭാഗം. നിന്നെ ഒരിക്കലും ബിഗ് ബോസ്സിൽ എടുക്കില്ല എന്ന് വേറെ ചിലർ. വാശി കയറ്റുന്നത് എനിക്ക് ഇഷ്ട്ടമാണ്. വെല്ലുവിളികളും ഇഷ്ടമാണ്. അതാണ് ബിഗ് ബോസ്സിൽ പോകാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. രണ്ട് അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട്. പിന്നീട് സംഭവിച്ചത് നിങ്ങൾക്ക് അറിയാം എന്നും അഖിൽ കുറിക്കുന്നു.