
കോഴിക്കോട് നഗരത്തിന്റെ ഒരു പ്രധാന ഭാഗത്ത് ഇന്ന് (തിങ്കൾ), നാളെ (ചൊവ്വ) ദിവസങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ 50 വർഷം പഴക്കമുള്ള പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പ്രതിസന്ധി. പൈപ്പ് പൊട്ടിയതുകാരണം മലാപ്പറമ്പിലെ ഔട്ട്ലെറ്റ് വാൽവ് അടച്ചതാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങാൻ കാരണം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതിന്റെ ആഘാതത്തിൽ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ഈ റോഡ് അടച്ചിട്ടിരിക്കുകയാണ്.
പൈപ്പ് പൊട്ടിയപ്പോൾ കുത്തിയൊഴുകിയ വെള്ളം നിരവധി വീടുകളിലേക്ക് കയറുകയും വീടുകളിൽ ചളിയും മാലിന്യങ്ങളും നിറയുകയും ചെയ്തു.
പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. പ്രശ്നം കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കുമെന്നും, വീടുകളിലെ ചളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ വാട്ടർ അതോറിറ്റി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പൊട്ടിയ റോഡ് ഉടൻ തന്നെ നന്നാക്കുമെന്ന് കോർപ്പറേഷൻ അധികൃതരും അറിയിച്ചു.











