‘പരശുരാമനായി മമ്മൂട്ടിയായിരുന്നു വേണ്ടിയിരുന്നത്’; രാമനായി രൺബീർ നിരാശപ്പെടുത്തിയെന്ന് ആർ. ശ്രീലേഖ

‘പരശുരാമനായി മമ്മൂട്ടിയായിരുന്നു വേണ്ടിയിരുന്നത്’; രാമനായി രൺബീർ നിരാശപ്പെടുത്തിയെന്ന് ആർ. ശ്രീലേഖ

‘രാമായണം’ സിനിമയിൽ പരശുരാമന്റെ വേഷത്തിൽ മമ്മൂട്ടിയായിരുന്നെങ്കിൽ കൂടുതൽ മികച്ചതാകുമായിരുന്നുവെന്ന് മുൻ ഡി.ജി.പി.യും ബി.ജെ.പി. കൗൺസിലറുമായ ആർ. ശ്രീലേഖ. ചിത്രത്തിൽ രാമനായി എത്തിയ രൺബീർ കപൂറിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലായ ‘സസ്നേഹം ശ്രീലേഖ’യിൽ പങ്കുവെച്ച സിനിമാ റിവ്യൂവിലാണ് ശ്രീലേഖയുടെ പരാമർശങ്ങൾ.

രാമന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രൺബീർ കപൂറിന്റെ അഭിനയത്തിൽ പ്രതീക്ഷിച്ച വൈകാരികത പ്രകടമായില്ലെന്നാണ് ശ്രീലേഖയുടെ വിലയിരുത്തൽ. രാമൻ മനുഷ്യജന്മമെടുത്ത ദൈവമായതിനാൽ പ്രണയം, ദേഷ്യം, സങ്കടം തുടങ്ങിയ മനുഷ്യസഹജമായ വികാരങ്ങൾ കഥാപാത്രത്തിൽ പ്രകടമാകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ജഡായുവിന്റെ മരണരംഗം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രാമന്റെ ദുഃഖം പ്രേക്ഷകരിലേക്ക് വേണ്ടത്ര എത്തിക്കാൻ രൺബീറിന് കഴിഞ്ഞില്ലെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. ലക്ഷ്മണൻ ചോദിക്കുമ്പോഴാണ് രാമൻ കരയുകയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഇതോടെ രാമന്റെ കഥാപാത്രത്തിന് ആവശ്യമായ ജീവനില്ലാത്തതുപോലെ തോന്നിയെന്നും റിവ്യൂവിൽ പറഞ്ഞു.

അതേസമയം, പരശുരാമനായി രൺബീർ കപൂർ എത്തിയപ്പോൾ മികച്ച പ്രകടനമായിരുന്നുവെന്നും ശ്രീലേഖ പ്രശംസിച്ചു. എന്നാൽ ആ കഥാപാത്രത്തിന് മമ്മൂട്ടിയായിരുന്നു കൂടുതൽ അനുയോജ്യമെന്ന അഭിപ്രായവും അവർ പങ്കുവെച്ചു. പരശുരാമന്റെ വേഷം മമ്മൂട്ടിക്ക് നൽകിയിരുന്നെങ്കിൽ ഏറെ മികച്ചതാകുമായിരുന്നുവെന്ന ചിന്ത സിനിമ കണ്ടപ്പോൾ മനസ്സിലൂടെ കടന്നുപോയെന്നും അവർ പറഞ്ഞു.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും ശ്രീലേഖ വിലയിരുത്തി. കൈകസിയായി എത്തിയ ശോഭനയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അവർ, സീതയായി അഭിനയിച്ച സായ് പല്ലവിയുടെ പ്രകടനത്തിനാണ് കൂടുതൽ കൈയടി നൽകിയത്.

രാമായണത്തിൽ സാധാരണയായി കണ്ടുവരുന്ന സീതാ സങ്കൽപ്പത്തിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ആയോധനകലകളിൽ പ്രാവീണ്യമുള്ള, ധൈര്യശാലിയും ബുദ്ധിശാലിയുമായ സീതയായാണ് സായ് പല്ലവി ചിത്രത്തിലെത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാമനായി രൺബീർ കപൂറിന്റെ പ്രകടനത്തെക്കുറിച്ചുള്ള വിമർശനവും പരശുരാമനായി മമ്മൂട്ടിയെ കാണണമെന്ന അഭിപ്രായവും ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.