‘ലിയോ’യുടെ എച്ച്ഡി പ്രിന്‍റ് ചോർന്നു ; നീക്കം ചെയ്യാനൊരുങ്ങി അണിയറ പ്രവർത്തകർ 

  വിജയ് നായകനായ ‘ലിയോ’ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ‘മാസ്റ്ററി’നു ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായി ദളപതി വിജയ് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘ലിയോ’ഇപ്പോള്‍ 600 കോടിയിലേക്ക് കുതിക്കുകയാണ്. ലിയോ…

 

വിജയ് നായകനായ ‘ലിയോ’ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ‘മാസ്റ്ററി’നു ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായി ദളപതി വിജയ് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘ലിയോ’ഇപ്പോള്‍ 600 കോടിയിലേക്ക് കുതിക്കുകയാണ്. ലിയോ എല്‍സിയു ബന്ധം കൂടി അറിഞ്ഞത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. അതേ സമയം റിലീസ് ചെയ്ത് 15ാം ദിവസം ലിയോയുടെ എച്ച്ഡി പ്രിന്‍റ് പൈറേറ്റഡ് വെബ്‌സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നുവെന്നാണ് പുറത്തു വന്നിരിക്കുന്ന പുതിയ വിവരം. ഇത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ പ്രതികൂലമായി  ബാധിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. തമിഴ് റോക്കേഴ്സ് പോലെയുള്ള പൈറസി സംഘങ്ങളാണ് ഇത്തരം ഒരു ലീക്കിന് പിന്നില്‍ എന്നാണ് പുറത്തു വരുന്ന സൂചനകൾ. അതേ സമയം തന്നെ ലിയോയുടെ അണിയറക്കാര്‍ ചിത്രം ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിൽ കൂടിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ചിത്രം റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി സ്ട്രീമിംഗിനായി വാങ്ങിയിരിക്കുന്നത്. ഒടിടി സ്ട്രീമിംഗിനെയും ഇത്  ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. നവംബര്‍ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെ തന്നെ ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്‍റ് നേരത്തെയും  ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം കണ്ടെത്തി വിജയകരമായി നീക്കം ചെയ്തിരുന്നു.

ലിയോ റിലീസിന് തലേ ദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചു കൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ചിലർ ലിയോ തിയേറ്ററുകളിൽ നിന്ന് ലൈവ് സ്ട്രീം ചെയ്‌തെന്നും എന്നാൽ ഇവ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്‌തെന്നും വാർത്ത വന്നിരുന്നു. ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രം​ഗങ്ങളാണ് എക്സില്‍ വൻ തോതിൽ അന്ന്  പ്രചരിച്ചിരുന്നത്. സെൻസറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിൻറെ ഭാഗമായി നടത്തിയ പ്രദർശനത്തിന് ഇടയിൽ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ചോർന്നിരുന്നത്. ഫുൾ എച്ച്ഡി വേർഷനാണ് ചോർന്നിരുന്നത്.  ഇതും ലിയോ സൈബര്‍ ടീം വിജയകരമായി നീക്കം ചെയ്തിരുന്നു. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തു കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്.

ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. അതേ സമയം തന്നെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി തീയേറ്ററുകളിൽ മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും ദളപതി വിജയ്‍യുടെ ലിയോ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. ദളപതി വിജയ് നായകനായി എത്തിയ ചിത്രമായ ലിയോ ലോകമെമ്പാടും വൻ സ്വീകാര്യതയാണ് നേടുന്നത്.  തമിഴകത്ത് നിന്ന് മാത്രമായി 200 കോടി രൂപയിലധികം വിജയ്‍യുടെ ലിയോ നേടുകയും റെക്കോര്‍ഡായി മാറുകയും ചെയ്‍തിരുന്നു. എന്തായാലും തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്നത് വ്യക്തമാകാൻ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.