‘തീ ആളി കത്തി, ബഹദൂർ ഇക്കയെയും പുറത്തിറക്കി’ ; വെളിപ്പെടുത്തി ഛായാഗ്രഹകൻ 

  മലയാള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത സിനിമകളിൽ ഒന്നാണ് ജോക്കർ. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 2000 ലാണ് പുറത്തിറങ്ങിയത്. ആ വർഷത്തെ ബ്ലോക്ക്ബസ്റ്റർ…

 

മലയാള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത സിനിമകളിൽ ഒന്നാണ് ജോക്കർ. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 2000 ലാണ് പുറത്തിറങ്ങിയത്. ആ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു ജോക്കർ. ദിലീപും മന്യയും നായകനും നായികയുമായി എത്തിയ ചിത്രത്തിൽ നിശാന്ത് സാഗർ, ബഹദൂർ, ടി.എസ്. രാജു, മാമുക്കോയ, ബിന്ദു പണിക്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. നടൻ ബഹദൂറിന്റെ അവസാന ചിത്രമായിരുന്നു ഇത്. ഒരു സർക്കസ് കമ്പനിയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. വേണുഗോപാൽ മഠത്തിൽ ആണ് ജോക്കറിന്റെ ഛായാഗ്രഹണം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങളെ കുറിച്ച് വേണുഗോപാൽ പറഞ്ഞത് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്. ഷൂട്ടിനിടയിൽ തീപിടിത്തമുണ്ടായതും സർക്കസ് കമ്പനിയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുമൊക്കെയാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണുഗോപാൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ജോക്കർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊരു ഗംഭീര സിനിമയാണ്.

എന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ് ജോക്കർ എന്ന ചിത്രം. സിനിമയിൽ ബഹദൂർ ഇക്കയെ കട്ടിലിൽ ചങ്ങലയ്ക്ക് ഇട്ട് കിടത്തിയിരിക്കുന്ന ഒരു രംഗമുണ്ട്. ഒരു ടെന്റാണ്. ഞാൻ ക്രെയിനിനു മുകളിൽ ക്യാമറയൊക്കെ വെച്ച് ഷോട്ടിന് റെഡിയായി ഇരിക്കുകയാണ്. ടെന്റിന്റെ സമീപം ഒരു ലൈറ്റ് വെച്ചിരുന്നു. ലൈറ്റിന്റെ കേബിൾ ഷോർട്ട് ആയതാണോ എന്താണോ എന്നറിയില്ല. ഒരു സെക്കൻഡിൽ ടെന്റിന് തീപിടിച്ചു.’തീ ആളി കത്തി. ക്രെയിനിൽ നിന്ന് എങ്ങനെയോ ഇറങ്ങി. ബഹദൂർ ഇക്കയെയും വേഗം പുറത്തിറക്കി. എങ്ങനെയൊക്കെയോ എല്ലാവരും പുറത്തെത്തി. ആർക്കും ഒരു പരുക്കും സംഭവിച്ചില്ല. യഥാർത്ഥ സർക്കസ് കൂടാരത്തിലായിരുന്നു ഷൂട്ടിങ്. അത് റെന്റിന് എടുത്താണ് ഷൂട്ട് ചെയ്തത്. അവരുടെ ജീവിതം അന്ന് കാണാൻ കഴിഞ്ഞു. അവിടെ ഉള്ളവരെല്ലാം മഹാ പാവങ്ങളാണ്.

സിനിമയിൽ പലിശക്കാർ വന്ന് അടിയുണ്ടാക്കുന്ന ഒരു രംഗമുണ്ട്. അത് അവിടെ യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണ്. ഒരു ദിവസം വൈകുന്നേരം ഒരു കൂട്ടം ആളുകൾ വന്ന് സർക്കസിലെ ആളുകളെയെല്ലാം തല്ലി. ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ചിലർക്കും കിട്ടി. ഞങ്ങളൊക്കെ ഓടി മാറി. വളരെ പാവങ്ങളായ കളിക്കാരെയാണ് അടിക്കുന്നത്. അവർക്കൊക്കെ നിസാര പൈസയാണ് ലഭിക്കുന്നത്. നമ്മുടെ നിർമാതാവ് അവർക്ക് ഭക്ഷണമൊക്കെ കൊടുത്ത് സഹായിച്ചിരുന്നു. അവിടെ ആനയും സിംഹവും അടക്കമുള്ള മൃഗങ്ങൾ ഉണ്ടായിരുന്നു. അവയ്‌ക്കൊന്നും ഭക്ഷണം ഉണ്ടായിരുന്നില്ല. സിനിമയിൽ ആന വേസ്റ്റ് പുല്ല് കഴിക്കുന്ന ഒരു രംഗമുണ്ട്. അത് അവിടെ ഉണ്ടായിരുന്ന ആന കഴിക്കുന്നതാണ്. അത് കഴിക്കുന്നതിനിടയിൽ ഞാൻ എടുത്തതാണ്. അങ്ങനെ അവിടെ കണ്ടതും നടന്നതുമൊക്കെയായ സംഭവങ്ങളൊക്കെ ആ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്’, വേണുഗോപാൽ  പറഞ്ഞു. സർക്കസുകാരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ടിട്ട് സിംഹം കൈ കടിച്ചു മുറിച്ചതിനെ കുറിച്ചും സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ സിംഹം മാന്തിയതിനെ കുറിച്ചും വേണുഗോപാൽ അഭിമുഖത്തിൽ പറഞ്ഞു.