വിട്ടുമാറാത്ത ചുമ അർബുദ രോഗലക്ഷണമാകാൻ സാധ്യത; ശരീരം നൽകുന്ന സൂചനകൾ നിസാരമാക്കരുത്

ജലദോഷത്തിന്റെയോ ,പനിയുടെയോ ഭാഗമായി ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ, അസ്വസ്ഥത എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങള്‍ നമ്മൾ പലരിലും കാണാറുണ്ട്, എന്നാൽ ഇവ നീണ്ടു നിൽക്കുകയോ ,വഷളാവുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഡോക്ടറിന്റെ സഹായം തേടണം. ഇതിൽ കാൻസർ ഉൾപ്പെടെയുള്ളവയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചുമ മൂന്നാഴ്ച്ചയിൽ കൂടുതൽ നിൽക്കുകയാണെങ്കിലോ അല്ലെങ്കിൽ ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ശബ്ദം എന്നിവ പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കണം. ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണിത്,

ആന്‌റിബയോട്ടിക്കുകളോടും ,ചുമ മരുന്നുകള്‍ പോലുള്ള മറ്റ് ചികിത്സകളോടും പ്രതികരിക്കാത്തതിനാല്‍ തൊണ്ടയിലെയും, അന്നനാളത്തിലെയും കാന്‍സറുകള്‍ പലപ്പോഴും ഈ രീതിയില്‍ പ്രകടമാകുന്നു.

പെട്ടെന്നുള്ള, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയുന്നത് പലപ്പോഴും ആമാശയം, പാന്‍ക്രിയാറ്റിക്, അന്നനാളം, ശ്വാസകോശ അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ആവര്‍ത്തിച്ചുള്ള പനിയോ അണുബാധയോ പിടിപെടുന്നത് രോഗപ്രതിരോധ ശേഷി തകരാറിലായതിന്റെ സൂചനയാണ്. ഉദാഹരണത്തിന്, രക്താര്‍ബുദം അല്ലെങ്കില്‍ ലിംഫോമ, വെളുത്ത രക്താണുക്കള്‍ നിര്‍മിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ നശിപ്പിക്കുന്നു, അതിനാല്‍ വ്യക്തിക്ക് അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വിട്ടുമാറാത്ത ക്ഷീണം ഒരിക്കലും അവഗണിക്കരുത്. രക്താര്‍ബുദം, ലിംഫോമ, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ അര്‍ബുദങ്ങള്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം.നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന അല്ലെങ്കില്‍ ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ഭക്ഷണം പറ്റിപ്പിടിക്കുന്നതായി തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണയായി തൊണ്ട, അന്നനാളം അല്ലെങ്കില്‍ തൈറോയ്ഡ് കാന്‍സറുകളുടെ ലക്ഷണമാകാം.  അതുകൊണ്ട് ഈ കാന്‍സറുകള്‍ നേരത്തെ കണ്ടെത്തിയാല്‍  എളുപ്പത്തില്‍ ചികിത്സിക്കാനും, രോഗമുക്തി നേടാനും സാധിക്കും.