യാത്രക്കിടയിലും മറ്റും ടീബാഗുകൾ ഉപയോഗിക്കാറുണ്ടോ നിങ്ങൾ? എങ്കിലത് അപകടമെന്ന് പഠനം

യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ്‌ ചായകളെ ആശ്രയിക്കുന്നവരാണ്‌ പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന്‌ ശേഷം ഉപേക്ഷിച്ച്‌ കളയാമെന്ന സൗകര്യവും ഇവയ്‌ക്കുണ്ട്‌. എന്നാൽ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്‌ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന്‌ നാനോപ്ലാസ്റ്റിക്കുകളെയും , മൈക്രോപ്ലാസ്റ്റിക്കുകളെയും വെളിയിൽ വിടുന്നതിനാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഓട്ടണമസ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ബാഴ്‌സലോണയാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. നൈലോണ്‍-6, പോളിപ്രൊപ്പിലീന്‍,സെല്ലു ലോസ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ടീബാഗുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇവ ചൂടുവെളത്തിലേക്ക് മുക്കുമ്പോൾ ഒരു മില്ലിലീറ്ററിന്‌ 1.2 ബില്യണ്‍ എന്ന അളവില്‍ നാനോപ്ലാസ്റ്റിക്കുകള്‍ പോളിപ്രൊപ്പിലീന്‍ വെളിയില്‍ എത്തുന്നതായി ഗവേഷകർ കണ്ടെത്തി. സെല്ലുലോസ്‌, നൈലോണ്‍-6 എന്നിവയും ദശലക്ഷ കണക്കിന് നാനോപ്ലാസ്റ്റിക്കുകളും മൈക്രോപ്ലാസ്റ്റിക്കുകളും പുറത്ത്‌ വിടുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

മനുഷ്യരുടെ കുടലിലെ കോശങ്ങൾ നാനോപ്ലാസ്റ്റിക്കുകളെ ഇങ്ങനെ വലിച്ചെടുക്കുന്നത് വഴി അവ രക്തപ്രവാഹത്തിലെത്തി ചേർന്ന് ശരീരം മുഴുവൻ വ്യാപിക്കും എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു