
ഇന്ന് മാര്‍ച്ച് 24, ലോക ക്ഷയരോഗ ദിനം. മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധി കൊലയാളികളില്‍ ഒന്നായി ഇത് ഇന്നും തുടരുന്നു. നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി.ശ്വാസകോശത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
രോഗലക്ഷണങ്ങൾ-രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, അമിത ക്ഷീണം, തളര്‍ച്ച, ശരീരഭാരം കുറയുക, രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ, രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ, രക്തം ചുമച്ചു തുപ്പുക, കഫത്തിൽ രക്തം കാണപ്പെടുക, നെഞ്ചുവേദന,വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
രോഗികളിൽ നിന്നും ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴി വായുവിലൂടെയാണ് ക്ഷയരോഗം പടരുന്നത്. ഒരാഴ്ചയിൽ അധികം തുടർച്ചയായി ചുമയ്ക്കുന്നുണ്ടെങ്കിൽ കൃത്യമായ പരിശോധനകള്‍ നടത്തണം. കഫത്തിന്റെ പരിശോധന, എക്സ്റേ പരിശോധന തുടങ്ങിയവയാണ് ഇതിനായി നടത്തുന്നത്. ശരിയായി ചികിത്സ നൽകിയാൽ രോഗവിമുക്തി ഉണ്ടാകും.കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്.
ആന്റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. ക്ഷയരോഗത്തിനെതിരെയുള്ള വാക്സിൻ ആണ് ബിസിജി (BCG). ഇന്ത്യയിൽ എല്ലാ കുട്ടികൾക്കും ജനിച്ചയുടനെ ബിസിജി വാക്സിനേഷൻ നടത്തുന്നുണ്ട്. ഇത് ഗുരുതരമായ ക്ഷയരോഗത്തെയാണ് തടയുന്നത്.











