
രുചികരമായ ഭക്ഷണം നമ്മളുടെ മുന്നിലെത്തുമ്പോൾ ആരോഗ്യത്തെപ്പറ്റി നാം മറന്നു പോകു൦. അപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം എക്സ്ട്രാ കാലറി നിറഞ്ഞതാണെങ്കിൽ ശരീരഭാരം കൂടും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അങ്ങനെ ശരീരഭാരം കൂടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം.
കുക്കീസും ,മധുരപലഹാരങ്ങളുമെല്ലാം മുന്നിൽ വന്നു പെടുമ്പോൾ എത്രകഴിച്ചു എന്നു പോലും ചിന്തിക്കാതെ അവ നമ്മൾ കഴിക്കും, എന്നാൽ മൈന്‍ഡ്‌ഫുൾനെസ് പരിശീലിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ കഴിയും. ഉദാഹരണമായി നിങ്ങൾക്ക് ഒരു കേക്ക് ഇഷ്ടമാണെങ്കിൽ അതിന്റെ ഒരു കഷണം മാത്രം കഴിക്കുക. അതുപ്പോലെ കുക്കീസ് വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽ മൈദയ്ക്കു പകരം ഓട്സ് ഉപയോഗിക്കാം.പഞ്ചസാരയ്ക്കു പകരം ഈന്തപ്പഴമാവാം. പഴങ്ങള്‍, പച്ചക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയവ ലഘുഭക്ഷണമാക്കാം.
അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാൻ ഫലപ്രദമായ മാര്‍ഗമാണിത്. ഇടത്തരം വലുപ്പമുള്ള ഒരു പ്ലേറ്റെടുത്ത് അതിൽ പകുതിഭാഗം വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികളും സാലഡും കൊണ്ട് നിറയ്ക്കുക. നാലിലൊന്ന് ഭാഗം ചിക്കൻ, മുട്ട, മീൻ തുടങ്ങിയ ലീൻ പ്രോട്ടീൻ ആവാം. നാലിൽ ഒരു ഭാഗത്ത് ചപ്പാത്തി അല്ലെങ്കിൽ ചോറ് ആവാം.
നടന്നും സംസാരിച്ചു കൊണ്ടും ഒക്കെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം, മൈൻഡ്ഫുൾ ഈറ്റിങ്ങ് പരിശീലിക്കാം. സാവധാനത്തിൽ ഇരുന്ന്, പ്ലേറ്റിൽ എന്തൊക്കെയുണ്ട് എന്നറിഞ്ഞ് കഴിക്കാം. ഓരോ തവണയും രുചി ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ചവച്ചരച്ചു തന്നെ കഴിക്കാനും ശ്രദ്ധിക്കാം. ചിക്കൻ, മത്സ്യം, ബീൻസ്, പനീർ, പയർവർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അന്നജം കൂടിയ ഭക്ഷണങ്ങൾക്കു പകരം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.അവധിക്കാലത്തും ആഘോഷകാലങ്ങളിലും ആക്ടീവ് ആയിരിക്കാൻ ശ്രദ്ധിക്കാം. നടത്തം, സൈക്ലിങ്ങ് ഇവയും അമിത കാലറി കുറക്കാൻ സഹായിക്കും.











