അതിഥിയുടെ സുരക്ഷയാണ് പ്രധാനം! ഷക്കീലയെ മാളില്‍ പ്രവേശിക്കുന്നതില്‍ യാതൊരു തടസവും ഇല്ല-വിശദീകരിച്ച് മാള്‍ അധികൃതര്‍

നടി ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹൈലൈറ്റ് മാള്‍ അധികൃതര്‍. ഷക്കീല എന്ന നടിയെ മാളില്‍ പ്രവേശിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു തടസവും ഇല്ല. സംവിധായകന്‍ ഒമര്‍ ലുലുവും സിനിമയുമായി ബന്ധപ്പെട്ട്…

നടി ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹൈലൈറ്റ് മാള്‍ അധികൃതര്‍. ഷക്കീല എന്ന നടിയെ മാളില്‍ പ്രവേശിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു തടസവും ഇല്ല. സംവിധായകന്‍ ഒമര്‍ ലുലുവും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ പരിപാടി നടത്താന്‍ കഴിയുമായിരുന്നുവെന്നും ഹെലൈറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ വ്യക്തമാക്കി.

ഷക്കീലയെ മുഖ്യ അതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ‘നല്ല സമയം ‘ ട്രെയിലര്‍ ലോഞ്ചിന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ച സംഭവം വിവാദമായതോടെയാണ് മാള്‍ അധികൃതര്‍ വിശദീകരണവുമായി എത്തിയത്.

അധികൃതര്‍ ആദ്യം സമ്മതം നല്‍കിയെന്നും പിന്നീട് സുരക്ഷാ കാരണങ്ങള്‍ ചുണ്ടികാട്ടി റദ്ദാക്കിയെന്നും ആരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവാണ് രംഗത്തെത്തിയത്. അതിഥിയുടെ സുരക്ഷയാണ് മാളിനെ സംബന്ധിച്ച് പ്രധാനം. ഏതെങ്കിലും മുന്‍നിര താരങ്ങള്‍ ഉണ്ടോയെന്ന് ഞാന്‍ നിരന്തരം ഒമര്‍ ലുലുവിനോട് ചോദിച്ചിരുന്നു. ഇല്ലെന്നാണ് പറഞ്ഞതെന്ന് തന്‍വീര്‍ പറയുന്നു.

ഷക്കീല എന്ന നടിയെ മാളില്‍ പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു തടസവും ഇല്ല. ഇത്തരമൊരു വിഷയം ഇവിടെ ഉദിക്കുന്നില്ല. മറ്റൊരു ദിവസം ഇതേ അതിഥിയെ വെച്ച് പരിപാടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പ്ലാന്‍ ചെയ്ത് പരിപാടി സംഘടിപ്പിക്കാന്‍ ഇപ്പോഴും തയ്യാറാണ്. നേരത്തെ കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ കൃത്യമായി പരിപാടി നടത്താന്‍ കഴിയുമായിരുന്നു.’ തന്‍വീര്‍ വ്യക്തമാക്കി.

ഷക്കീലയെപോലൊരു താരം പരിപാടിക്കെത്തുമ്പോള്‍ വലിയ തോതില്‍ ആളുകളും എത്തും. അതിനനുസരിച്ചുള്ള സുരക്ഷ ഒരുക്കാന്‍ കഴിയണം. പൊലീസിന് കൈമാറിയ കത്തില്‍ ഷക്കീലയുടെ പേര് പരാമര്‍ശിച്ചിട്ടില്ലായിരുന്നു. ഒമര്‍ അക്കാര്യം അറിയിച്ചിരുന്നില്ല. വരുന്ന അതിഥിക്ക് സുരക്ഷയൊരുക്കുകയെന്നത് വെല്ലുവിളിയും ഉത്തരവാദിത്തവുമാണെന്നും തന്‍വീര്‍ പറയുന്നു.

അവസാന നിമിഷം പോസ്റ്ററില്‍ നിന്നാണ് ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അറിയുന്നത്. അതിഥികള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയെന്നത് ഉള്‍പ്പെടെ മുന്‍കൂട്ടി ചെയ്യേണ്ട ചില നടപടികള്‍ ഉണ്ട്.

വെള്ളിയാഴ്ച്ച രാവിലെയാണ് സിനിമാ പ്രൊമോഷന്റെ കാര്യം പറഞ്ഞുകൊണ്ട് ഒമര്‍ ലുലു വിളിക്കുന്നത്. ചെറിയ പരിപാടിയായിരിക്കുമെന്നാണ് അറിയിച്ചത്. സെലിബ്രിറ്റികളോ ഗസ്റ്റുകളോ ഉണ്ടാവില്ലെന്നാണ് പറഞ്ഞത്.

ശേഷം വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അതിടല്‍ നിന്നാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെലിബ്രിറ്റി ലിസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് വേണ്ടിയായിരുന്നു വിളിച്ചത്. എന്നാല്‍ സ്റ്റുഡിയോയില്‍ മറ്റ് വര്‍ക്കുകളുടെ തിരക്കിലായിരുന്നു എന്നാണ് ഒമര്‍ പറഞ്ഞതെന്നും തന്‍വീര്‍ പറയുന്നു.

സെലിബ്രിറ്റി ലിസ്റ്റ് കിട്ടിയ ശേഷമല്ല സാധാരണഗതിയില്‍ പരിപാടികള്‍ക്ക് അനുമതി കൊടുക്കാറുള്ളത്. എന്നാല്‍ മാളില്‍ ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ചെയ്യേണ്ട ചില നടപടിക്രമങ്ങളുണ്ട്. പൊലീസിനെ കാര്യം അറിയിക്കണം. സെലിബ്രിറ്റി പട്ടിക പൊലീസിന് കൈമാറണം. ഒമര്‍ ലുലുവുമായി ഫോണില്‍ സംസാരിച്ചത് പ്രകാരം രണ്ട് പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടാണ് പൊലീസിന് കത്ത് നല്‍കിയിരുന്നത്.

ഷക്കീല പങ്കെടുക്കുകയാണെങ്കില്‍ വലിയ ആള്‍തിരക്ക് ഉണ്ടാവും. മുമ്പ് ഇത്തരത്തില്‍ താരങ്ങളെ വെച്ച് നടത്തിയ എല്ലാ പരിപാടികള്‍ക്കും വലിയ ആള്‍ത്തിരക്കുണ്ടായിരുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലാണ് ആളുകളുടെ പ്രതികരണം. നേരത്തെ നടത്തിയ സിനിമാ പ്രമോഷനില്‍ ഒരു നടിയ്ക്ക് മോശം അനുഭവമുണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും
തന്‍വീര്‍ പറയുന്നു.