ജവാനെ ട്രോൾ ആക്കി യു പി പോലീസ്; പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമ പോലെ ജനപ്രീതി നേടിയ ഒരു വിനോദോപാധിയോ മാധ്യമമോ ഇല്ല. അതിനാല്‍ തന്നെ സിനിമകളും അതിലെ ശ്രദ്ധേയ കഥാപാത്രങ്ങളുമൊക്കെ സിനിമയ്ക്ക് പുറത്തേക്കും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആശയ പ്രചാരണങ്ങള്‍ക്കും നേരമ്പോക്കിനായുള്ള മീമുകള്‍ക്കും ട്രോളുകള്‍ക്കുമുള്ള…

സിനിമ പോലെ ജനപ്രീതി നേടിയ ഒരു വിനോദോപാധിയോ മാധ്യമമോ ഇല്ല. അതിനാല്‍ തന്നെ സിനിമകളും അതിലെ ശ്രദ്ധേയ കഥാപാത്രങ്ങളുമൊക്കെ സിനിമയ്ക്ക് പുറത്തേക്കും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആശയ പ്രചാരണങ്ങള്‍ക്കും നേരമ്പോക്കിനായുള്ള മീമുകള്‍ക്കും ട്രോളുകള്‍ക്കുമുള്ള പ്രധാന അസംസ്കൃത വസ്തുക്കളും സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ. ഇപ്പോഴിതാ ജനപ്രിയ ബോളിവുഡ് ചിത്രം ജവാനിലെ ഷാരൂഖ് ഖാനെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് പൊലീസ് ഒരുക്കിയ ലളിതമായ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.തലയില്‍ പരക്കേറ്റതുപോലെ തുണി വച്ച് കെട്ടിയ ഗെറ്റപ്പിലായിരുന്നു ഷാരൂഖ് ഖാന്‍റേതായി പുറത്തെത്തിയ ജവാന്‍ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് എടുത്താണ് യുപി പൊലീസ് ബോധവത്കരണ പരസ്യം സൃഷ്ടിച്ചിരിക്കുന്നത്.ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്ന പരസ്യമാണ് ഇത്.ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ലുക്ക് ഒഴിവാക്കാന്‍ ഹെല്‍മറ്റ് ധരിക്കാനാണ് പരസ്യത്തിലെ ആവശ്യം. പ്രായം ഏതായാലും ഒരു ഇരുചക്രവാഹനത്തില്‍ ഇരിക്കുംമുന്‍പ് ഹെല്‍മെറ്റ് ധരിക്കുന്നത് മറക്കാതിരിക്കുകഎന്നതാണ് ഒപ്പമുള്ള വാചകം. ജവാന്‍, റോഡ് സുരക്ഷ എന്നീ ഹാഷ് ടാഗുകളും ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ രണ്ട് ദിവസം കൊണ്ട് 94,000ല്‍ അധികം ലൈക്കുകളും 9100 ല്‍ അധികം ഷെയറുകളുമാണ് ഈ പരസ്യത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ജവാന്‍. ആറ്റ്ലി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം സെപ്റ്റംബര്‍ 7 നാണ് തിയറ്ററുകളില്‍ എത്തിയത്. കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച് വമ്പൻ വിജയമായി പ്രദർശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ ബോക്സോഫീസ് റെക്കോർഡുകൾ ഓരോന്നായി ജവാൻ തകർക്കുകയാണ്.

ഏറ്റവുമൊടുവിൽ ഏറ്റവും വേഗത്തിൽ 300 കോടി രൂപ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡാണ് ജവാൻ സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം അറിയിച്ചത്. ഈ പുതിയ റെക്കോർഡിൽ ജവാൻ മറികടന്നത് ഷാരൂഖിന്‍റെ തന്നെ പത്താൻ എന്ന ചിത്രമാണ്. ആറ് ദിവസംകൊണ്ടാണ് ജവാൻ ഹിന്ദി പതിപ്പ് 300 കോടി രൂപ കളക്ഷൻ നേടിയത്.പത്താൻ 300 കോടി കളക്ഷൻ നേടാൻ ഏഴ് ദിവസമാണ് എടുത്തത്. ഈ പട്ടികയിൽ മൂന്നാമതുള്ള ചിത്രം ഗദാർ 2 ആണ്. എട്ട് ദിവസം കൊണ്ടാണ് ഗദാർ 2 ഈ നേട്ടം കൈവരിച്ചത്. ബാഹുബലി 2 ഹിന്ദി പത്ത് ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി 11 ദിവസം കൊണ്ടും 300 കോടി കളകഷൻ നേടി.ആമിർഖാന്‍റെ ദംഗൽ 13 ദിവസംകൊണ്ടും സഞ്ജു 16 ദിവസംകൊണ്ടും ടൈഗർ സിന്ദാഹൈ 16 ദിവസംകൊണ്ടും പി.കെ 17 ദിവസം കൊണ്ടും 300 കോടി ക്ലബിലെത്തി. ഇതുകൂടാതെ മറ്റ് ചില റെക്കോർഡുകളും ജവാൻ സ്വന്തമാക്കി.റിലീസ് ദിനം തന്നെ ഏറ്റവുമധികം കളക്ഷൻ നേടുന്ന ബോളിവുഡ് സിനിമയെന്ന റെക്കോർഡ് ജവാൻ നേടിയിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിൽ തന്നെ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ജവാനാണ്.ഒരു ദിവസം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് ഞായറാഴ്ചയാണ് ജവാൻ സ്വന്തമാക്കിയത്. സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടിയും സ്വന്തമാക്കി. സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ 520.79 കോടിയാണ് ചിത്രം നേടിയത്. ഒരു ഹിന്ദി ചിത്രം ചരിത്രത്തില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന വാരാന്ത്യ കളക്ഷനാണ് ഇത്.