മണിരത്‌നത്തിന്റെ ക്ഷണം ജയറാം നിരസിച്ചത് എന്തിന്, ചര്‍ച്ചയാകുന്ന കഥ

മണി രത്‌നം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദളപതി. ഇപ്പോഴും ദളപതി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. സ്‌റ്റൈല്‍ മന്നന്‍ രജിനികാന്തും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗ്യാങ്സ്റ്റര്‍ ടീമുകളുടെ കഥ പറഞ്ഞ ചിത്രം ഇപ്പോഴും ഹിറ്റുകളില്‍ ഒന്നാണ്. രജനിക്കും മമ്മൂട്ടിക്കും ഒപ്പം അരവിന്ദ് സ്വാമി, മനോജ് കെ.ജയന്‍, ശോഭന, ശ്രീവിദ്യ തുടങ്ങി ഒരു വലിയ താര നിര തന്നെയാണ് ഈ ചിത്രത്തില്‍ അണി നിരന്നിരിക്കുന്നത്.


മഹാഭാരതമെന്ന ഇതിഹാസത്തിന്റെ കഥ മറ്റൊരു തലത്തില്‍ മണിരത്‌നം ഈ ചിത്രത്തിലൂടെ പറയുകയായിരുന്നു. കര്‍ണനായി രജിനികാന്തിനേയും ദുര്യോധനന്‍ ആയി മമ്മൂട്ടിയേയും കുന്തിയായി ശ്രീവിദ്യയേയും മണിരത്‌നം അണിനിരത്തി. ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന് അര്‍ജുനനുമായാണ് കൂടുതല്‍ സാമ്യമുള്ളത്. മാത്രവുമല്ല ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്റെ പേരും അര്‍ജുന്‍ എന്ന് തന്നെയായിരുന്നു.
എന്നാല്‍ അരവിന്ദ് സ്വാമിയുടെ ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് ജയറാമിനെയായിരുന്നു. മണിരത്നത്തിനോട് ജയറാമിന്റെ പേര് നിര്‍ദേശിച്ചതാകട്ടെ മമ്മൂട്ടിയും. പക്ഷേ എന്തുകൊണ്ടോ ഈ ചിത്രത്തില്‍ ജയറാമിന് അഭിനയിക്കാന്‍ കഴിഞ്ഞില്ല. മലയാളത്തില്‍ ജയറാമിന് കാര്യമായ തിരക്കുള്ള സമയമായിരുന്നു അത്. ദളപതിയിലേക്കുള്ള ക്ഷണം ജയറാം നിരസിച്ചത് അതുകൊണ്ടായിരുന്നു. അതോടെയാണ് മണിരത്നം അരവിന്ദ് സ്വാമിയെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.