രണ്ട് മണിക്കൂറോളം ആ പടിക്കെട്ടിൽ എന്നെയും കാത്തിരുന്നു ; എന്റെ മകന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ ആ കൈകളിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യമുണ്ടായി

രാഷ്ട്രീയ കേരളത്തിന് തന്നെ വലിയ ഒരു നഷ്ടമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഉമ്മൻ ചാണ്ടി മരണപ്പെട്ടിട്ട് ഒരാഴ്ച്ച പിന്നിടുമ്പോഴും പലർക്കും അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചിരിക്കുകയാണ് നടൻ…

രാഷ്ട്രീയ കേരളത്തിന് തന്നെ വലിയ ഒരു നഷ്ടമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഉമ്മൻ ചാണ്ടി മരണപ്പെട്ടിട്ട് ഒരാഴ്ച്ച പിന്നിടുമ്പോഴും പലർക്കും അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചിരിക്കുകയാണ് നടൻ ജയറാം. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ റീത്ത് വെച്ചും മെഴുക് തിരി കത്തിച്ചും പ്രാര്ഥിച്ചതിനു ശേഷം അദ്ദേഹവുമൊത്തുള്ള നല്ല നിമിഷങ്ങളെ കുറിച്ച് സംസാരിക്കുവാനും ജയറാം മറന്നില്ല.

‘‘സാറുമായി 35 വർഷത്തെ ആത്മബന്ധം എനിക്കുണ്ട്. ശരിക്കും ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. സാറിന്റെ ലളിതമായ രീതികളെക്കുറിച്ച് ഞാനായി ഒന്നും പറയേണ്ട കാര്യമില്ലല്ലോ, ലോകത്തുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണ്. എന്റെ വിവാഹം കഴിഞ്ഞ് ടൗൺ ഹാളിൽവച്ച് റിസപ്‌ഷൻ ഉണ്ടായിരുന്നു. ആറര മണിക്കാണ് എല്ലാവരെയും ക്ഷണിച്ചിരുന്നത്. വൈകുന്നേരം നാലര മണിയായപ്പോൾ ടൗൺ ഹാളിൽ നിന്നൊരു വിളി വന്നു. ഒരാൾ നേരത്തെ തന്നെ അതും രണ്ട് മണിക്കൂർ മുമ്പ് വന്നിട്ടുണ്ട്. ഞാൻ ചോദിച്ചു, ‘‘ആരാണ്? ’’. ‘‘പുതുപ്പള്ളി എംഎൽഎ ഉമ്മൻ ചാണ്ടി സർ നേരത്തെ തന്നെ വന്നിരിക്കുന്നുണ്ടെന്ന്’’ അവർ എന്നോടു പറഞ്ഞു.

ടൗൺ ഹാൾ അപ്പോൾ തുറന്നിട്ടില്ല, അദ്ദേഹം അവിടെയുള്ള പടിക്കെട്ടിൽ ഞങ്ങൾ വരുന്നത് വരെ രണ്ടര മണിക്കൂറോളം കാത്തിരുന്നു. ആദ്യമായി എന്റെയും എന്റെ ഭാര്യയുടെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചത് സാറാണ്. എന്റെ മകന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ ആ കൈകളിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യമുണ്ടായി. എനിക്കും എത്രയോ പുരസ്കാരങ്ങൾ. ഈ പുതുപ്പള്ളി പള്ളി പെരുന്നാളിന് അദ്ദേഹത്തോടൊപ്പമാണ് ഞാൻ വന്നിട്ടുള്ളത്. ഏറ്റവും അവസാനമായി ഞാൻ അദ്ദേഹത്തെ പിറന്നാൾ ദിവസമാണ് വിളിക്കുന്നത്.’’ എന്നായിരുന്നു ജയറാം മാധ്യമങ്ങളോട് പറഞ്ഞത്.