ഉലകനായകൻ എന്ന് വെറുതെ വിളിക്കുന്നതല്ല! ജോക്കറിനൊക്കെ മുമ്പേ കമൽഹാസൻ ഇത് ചെയ്തിട്ടുണ്ട്, അതും 23 വർഷം മുമ്പ്

ടോഡ് ഫിലിപ്‌സിൻ്റെ മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലറായ ജോക്കർ: ഫോളി എ ഡ്യൂക്‌സിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. 2019 ൽ പുറത്തിറങ്ങിയ ജോക്കർ സിനിമയുടെ സീക്വലാണ് ഈ ചിത്രം. ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ജോക്വിൻ ഫീനിക്‌സിൻ്റെ ആർതർ ഫ്ലെക്ക് എന്ന ജോക്കർ കഥാപാത്രം തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ജോക്വിൻ ഫീനിക്‌സിൻ്റെ ആർതർ ഫ്ലെക്ക് മുഖം നോക്കുന്ന ഗ്ലാസിലെ ചുവന്ന വരയിലേക്ക് മുഖം വച്ച് ജോക്കർ രൂപത്തിലേക്ക് എത്തുന്ന സീൻ ഇതിനകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സിനിമ പ്രേമികളുടെ ഒരു കണ്ടെത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോക്കറിനൊക്കെ മുമ്പേ ഉലകനായകൻ കമൽഹാസൻ ഇതൊക്കെ ചെയ്ത് വച്ചിട്ടുള്ളതാണ് എന്നാണ് കണ്ടെത്തൽ. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 2001 ലെ ആക്ഷൻ ത്രില്ലറായ ആളവന്താനിലെ സീനാണ് ചർച്ചകൾക്ക് കാരണം.

ഐഎംഡിബി ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ആളവന്താനിലെയും ജോക്കർ: ഫോളി എ ഡ്യൂക്‌സിൻ്റെ ട്രെയിലറിലെയും ഷോട്ടുകളുടെ ഒരു മോണ്ടേജ് വീഡിയോ പങ്കിട്ടതോടെ ഈ താരതമ്യം ആരാധകർ ഏറ്റെടുത്തു. രണ്ട് സീനും ഒരുപോലെ ഉണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ആളവന്താൻ സിനിമയുടെ രചന കമൽഹാസൻ ആയിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്.