‘കാതലിൽ’ ജ്യോതികയ്ക്ക് സൗണ്ട് നൽകാൻ എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു’ ; ഡബ്ബിങ്ങിനെപ്പറ്റി ജോമോൾ 

ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ…

ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയെ അവതരിപ്പിച്ചാണ് ജോമോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. സംസ്ഥാന പുരസ്‌ക്കാരമടക്കം നേടിയ നടിയാണ് ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത ജോമോൾ ഇപ്പോഴിതാ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദൻ നായകനാകുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ജയ് ഗണേഷിലൂടെയാണ് ജോമോൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റായും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം. ജിയോ ബേബി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകൻ ആയെത്തിയ കാതൽ എന്ന ചിത്രത്തിലൂടെയാണ് ജോമോളുടെ പുതിയ തുടക്കം. കാതലിൽ നായികയായെത്തിയ തമിഴ് നടി  ജ്യോതികയ്ക്ക് ശബ്ദം നൽകിയത് ജോമോളാണ്. ഇപ്പോഴിതാ കാതലിലേക്ക് എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജോമോൾ. വളരെ അവിചാരിതമായാണ് ജിയോ ബേബിയുടെ ഒരു കോൾ വരുന്നത്. ഞാൻ കൊച്ചിയിൽ ഇല്ലാത്ത സമയമായിരുന്നു അത്. കാതലിന് വേണ്ടിയാണ് ഒന്ന് വന്ന് വോയ്‌സ് ടെസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ സ്ഥലത്തില്ലെന്ന് പറഞ്ഞപ്പോൾ വന്നതിന് ശേഷം മതിയെന്ന് പറഞ്ഞു, അങ്ങനെ ഞാൻ ചെന്നു വോയ്‌സ് ടെസ്റ്റ് ചെയ്തു. കുറേപേർ വന്ന് ചെയ്തിരുന്നു. എനിക്ക് പരിചയമുള്ളവരും വന്നിരുന്നു. പിറ്റേ ദിവസം രാവിലെ വീണ്ടും ജിയോ ബേബി  വിളിച്ചു. വോയ്‌സ് മാച്ചിങ് ആണ്.

വന്ന് ഡബ്ബ് ചെയ്യാമോ എന്ന് ചോദിക്കുകയുണ്ടായി. എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു. പക്ഷെ ഒന്ന് ശ്രമിക്കാമെന്ന് കരുതി ചെയ്യുകയായിരുന്നു,’ ‘ജിയോയുടെ ഭാര്യ ബീന ആണ് എന്റെ ശബ്ദം ട്രൈ ചെയ്തൂടെ എന്ന് ചോദിക്കുന്നത്. കാതലിന്റെ ഡബ്ബിങ് നടക്കുന്ന സമയത്ത് എന്റെ കുറച്ച് അഭിമുഖങ്ങൾ വന്നിരുന്നു. അത് കണ്ടപ്പോഴാണ് അവർക്ക് അങ്ങനെയൊരു ചിന്ത വന്നത്. അതല്ലാതെ ജിയോയെ പോലൊരാൾ എന്റെ ശബ്ദം ഐഡന്റിഫൈ ചെയ്യാൻ ഒരു സാധ്യതയും ഉണ്ടെന്ന് തോന്നുന്നില്ല എന്നും ജോമോൾ പറഞ്ഞു. കരിയറിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോമോൾ മനസു തുറന്നു. വർഷങ്ങളായിട്ട് ഞാൻ കൊച്ചിയിൽ തന്നെയുണ്ട്. എന്റെ മുൻഗണനകൾ മാറിയപ്പോഴാണ് ഞാൻ കരിയറിൽ നിന്നും ബ്രേക്കെടുത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളായി. പിന്നീട് അവരുടെ പഠിത്തം, അങ്ങനെ വന്നപ്പോൾ എന്റെ പ്രയോറിറ്റി മാറി. കരിയറും കുടുംബ ജീവിതവും കൊണ്ടുനടക്കാൻ സ്മാർട്ട് ആയിട്ടുള്ള ഒരുപാട് പേരുണ്ട്. എന്നാൽ ഞാൻ അത്രയും സ്മാർട്ടല്ല. രണ്ടും കൂടി ഒരുമിച്ച് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

അതുകൊണ്ട് തന്നെ ഞാൻ എന്റെ കുടുംബത്തിനാണ് പ്രാധാന്യം നൽകിയത്. ഇപ്പോൾ മക്കളൊക്കെ വലുതായി,’ ജോമോൾ പറയുന്നു. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത ആളാണ് ഞാൻ. ഇങ്ങനത്തെ കാര്യങ്ങളിലൊക്കെ ഞാൻ വളരെ പുറകോട്ട് ആണ്. എന്നെ ഒരുപാട് പുഷ് ചെയ്യണം. ആരെങ്കിലുമൊക്കെ പറയണം ഫോട്ടോ ഇടാനും എന്തെങ്കിലും കണ്ടന്റ് ഇടാനുമൊക്കെ. എനിക്ക് തോന്നുന്നു ഏറ്റവും കുറവ് ഫോള്ളോവെഴ്‌സ് ഉള്ള സെലിബ്രിറ്റി ആയിരിക്കും ഞാൻ. അഭിമുഖങ്ങൾ കൊടുക്കുന്ന കാര്യത്തിൽ പോലും ഞാൻ വളരെ ചൂസിയാണ്. ഒരു ഭാഗത്തൂടെ ആരും അറിയാതെ പോകാനാണ് താൽപര്യമെന്നും ജോമോൾ വ്യക്തമാക്കി.