കമല്‍ ഹാസനും മണി രത്നവും വീണ്ടുമെത്തുന്നു ;  ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകിട്ട്

സിനിമാലോകത്തെ ആ ഭാഗ്യജോഡി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. കമല്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേന്ന്, അതായത് നവംബര്‍…

സിനിമാലോകത്തെ ആ ഭാഗ്യജോഡി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. കമല്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേന്ന്, അതായത് നവംബര്‍ 7 നാണ് ഇത്തരം ഒരു ചിത്രം വരുന്നതായ ഔദ്യോഗിക പ്രഖ്യാപനം ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് പുറത്ത് എത്തിയത്. മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെ കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ വന്നിരുന്നു എങ്കിലും  ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകർ. കമൽ ഹാസന്റെ കരിയറിലെ 234ആം ചിത്രമാണിത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുമ്പോൾ ഈ കൂടിച്ചേരലിൽ ആരാധകരുടെ ആവേശവും പ്രതീക്ഷകളുമെല്ലാം വാനോളമാണ്.

കഴിഞ്ഞ മാസാവസാനം ചിത്രത്തിന്‍റെ പ്രധാന അണിയറ പ്രവർത്തകർ ആരൊക്കെ ആയിരിക്കും എന്നതും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പേരോ ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കുമെന്നോ ഒന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ അതറിയാൻ ഇനി പ്രേക്ഷകർക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേദിവസമായ ഇന്ന്  ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കും. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ, കമല്‍ ഹാസന്‍റെ തന്നെ ഉടമസ്ഥതയിലുള്ള  രാജ് കമല്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബർ 6ന് വൈകിട്ട് 5 മണിക്കാണ് ടൈറ്റില്‍ പ്രഖ്യാപനം നടത്തുന്നത്. ടൈറ്റില്‍ അനൌണ്‍സ്‍മെന്‍റ് വീഡിയോയുടെ മേക്കിംഗ് പുറത്തു വിട്ടു കൊണ്ടാണ് അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമൽഹാസൻ നായകൻ ആയി എത്തുന്ന ഈ ചിത്രത്തില്‍ വന്‍ താരനിരയാകും അണിനിരക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ പ്രകാരം അറിയാൻ കഴിയുന്നത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത പുതിയ റിപ്പോർട്ടുകൾ. തൃഷയാണ് ചിത്രത്തിലെ നായികയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ നയന്‍താരയും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രചരിക്കുന്നത്. അങ്ങനെയെങ്കില്‍ തെന്നിന്ത്യയിൽ നിന്നുള്ള ഇരു താര സുന്ദരികളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായി മാറും കെഎച്ച് 234 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ കമൽ ഹാസൻ ചിത്രം. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതൽ [പുറത്തു വരുന്നുണ്ടായിരുന്നു.

കമൽ ഹാസന്‍റെ പിറന്നാള്‍ ദിനമായ നവംബർ ഏഴിന് അഭിനേതാക്കളെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രത്തിൽ തൃഷ എത്തുകയാണെങ്കിൽ മണിരത്‌നത്തോടൊപ്പമുള്ള തൃഷയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. ‘യുവ’, ‘പൊന്നിയിന്‍ സെല്‍വന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ തൃഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കമല്‍ ഹാസനൊപ്പം ‘തൂങ്കാ വനം”മന്മദന്‍ അമ്പ്’ എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വൻ എന്ന ചിത്രത്തില്‍ ജയം രവിയും ‘ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ ദുല്‍ഖർ സൽമാനും മണിരത്‌നത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം 1987-ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുന്‍പ് മണിരത്‌നം- കമല്‍ഹാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം. നായകനി’ലെ അഭിനയത്തിന് കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.