ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജൂഹി ചൗള. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി ജൂഹി ചൗള അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ജൂഹി ചൗള തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അതും ഒറ്റ സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി. ജൂഹിയുടെ ഡേറ്റിന് വേണ്ടി സൂപ്പര്‍ താരങ്ങളും ഹിറ്റ് മേക്കേഴ്‌സുമെല്ലാം ഒരുകാലത്ത് പിന്നാലെ നടക്കുകയായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഒരിക്കല്‍ മനോജ് വാജ്‌പേയ്‌ക്കൊപ്പം അഭിനയിക്കാന്‍ ജൂഹി നിരസിച്ചിരുന്നുവെന്നതാണ്.
ഇന്ത്യയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് മനോജ് വാജ്‌പേയെ കണക്കാക്കുന്നത്. മികച്ച നടനുള്ള ദേശീയ പുര്‌സ്കാരം അടക്കം നേടിയിട്ടുള്ള മനോജ് വാജപേയ്യെ ഓരോ അഭിനേതാവും അസൂയയോടേയും ആരാധനയോടേയും കൂടിയാണ് കാണുന്നത്.
അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നതൊരു സ്വപ്‌നമായി കൊണ്ടു നടക്കുന്നവര്‍ നിരവധി പേരാണ്. 2016ല്‍ ചോക്ക് ആന്റ് ഡസ്റ്റര്‍ എന്ന സിനിമയില്‍ മനോജ് വാജ്‌പേയ് നായകനായി അഭിനയേക്കണ്ടതായിരുന്നു. ചിത്രത്തിന്റെ ആദ്യ ദിവസം ചിത്രീകരണത്തിനായി മനോജ് വാജ്‌പേയ് സെറ്റിലെത്തുകയും ചെയ്തു. ക്യൂസ് മാസ്റ്ററുടെ വേഷത്തിലായിരുന്നു മനോജ് അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ മനോജാണ് ക്യൂസ് മാസ്റ്റര്‍ എന്നറിഞ്ഞതോടെ ജൂഹി ചൗള പ്രശ്‌നമുണ്ടാക്കി. ജൂഹിയ്ക്ക് മനോജിനെ ആ വേഷത്തില്‍ കാണാന്‍ പോലും താല്‍പര്യമില്ലായിരുന്നു. മനോജിനെ കണ്ടാല്‍ ദരിദ്രനാണെന്നാണ് തോന്നുക, അയാള്‍ എങ്ങനെയാണ് ക്യൂസ് മാസ്റ്ററായി അഭിനയിക്കുക എന്ന് ചോദിച്ച ജൂഹി പകരം മറ്റൊരാളെ കൊണ്ടു വരണം എന്ന് വാശി പിടിച്ചു.
ജൂഹിയെ അനുനയിപ്പിക്കാന്‍ സംവിധായകന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ ആ വാശിയ്ക്ക് മുന്നില്‍ സംവിധായകനും നിര്‍മ്മാതാവും മുട്ടുമടക്കി. ആവേശത്തോടെ അഭിനയിക്കാന്‍ വന്ന മനോജ് വാജ്‌പേയെ സിനിമയില്‍ നിന്നും പുറത്താക്കി. പിന്നീട് ആ വേഷത്തിലേക്ക് ഋഷി കപൂറിനെ കൊണ്ടു വരികയായിരുന്നു. ജൂഹി ആവശ്യപ്പെട്ടത് പോലെ തന്നെ കണ്ടാല്‍ അറിവും ലോകപരിചയവുമുള്ള ആളായിരുന്നു ഋഷി കപൂര്‍. തനിക്ക് നേരിടേണ്ടി വന്ന കടുത്ത അപമാനത്തെക്കുറിച്ച് ഒരിക്കലും മനോജ് വാജ്‌പേയ് പ്രതികരിച്ചിട്ടില്ല. അതേസമയം മനോജിനൊപ്പം മുമ്പ് സ്വാമി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് ജൂഹി ചൗള. അതുകൊണ്ട് തന്നെ അതെല്ലാം മറന്നു കൊണ്ടുള്ള ജൂഹിയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ചോക്ക് ആന്റ് ഡസ്റ്റര്‍ വിദ്യാഭ്യാസ മേഖലയേയും ടീച്ചര്‍-വിദ്യാര്‍ത്ഥി ബന്ധത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
