നടൻ വിജയകാന്ത് ആശുപത്രിയിൽ; ഐസിയുവിലെന്ന് റിപ്പോർട്ടുകൾ

Follow Us :

നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. കടുത്ത ചുമയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്നാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിലെ വീക്കം മൂലം വിജയകാന്തിന് ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. വിജയകാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് തമിഴ്നാട്ടിലുടനീളമുള്ള ആരാധകര്‍. ചെന്നൈയിലെ എം ഐ ഒ ടി ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐ സി യുവില്‍ കൃത്രിമ ഓക്സിജന്റെ സഹായത്തലാണ് അദ്ദേഹം ശ്വസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിജയകാന്തിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും താരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നുമാണ് വിവരം.അതേസമയം പതിവ് പരിശോധനകള്‍ക്കായാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നും ഡി എം ഡി കെ. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് വിജയകാന്ത്. അനാരോഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു താരം. വിജയകാന്തിന്റെ മൂത്തമകന്‍ വിജയ പ്രഭാകരന്‍ അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിതാവിന്റെ ആരോഗ്യനിലയില്‍ തിരിച്ചടിയുണ്ടെന്നും എന്നാല്‍ അതേസമയം അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ബിസിനസുകാരനായ വിജയ പ്രഭാകരന്‍ ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നീക്കത്തിലാണ്.

 

കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ല വിജയകാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും താരം ഡി എം ഡി കെയ്ക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് ഡി എം ഡി കെയെ നയിക്കുന്നത്. തമിഴ് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ഒരുകാലത്ത് വിജയകാന്ത്. ബോക്‌സ് ഓഫീസില്‍ കമല്‍ഹാസനേയും രജനീകാന്തിനേയും പോലും വെല്ലുവിളിച്ച താരം. ആക്ഷന്‍ ചിത്രങ്ങളാണ് വിജയകാന്തിനെ അക്കാലത്തെ മാസ് ഹീറോയാക്കി മാറ്റുന്നത്. തന്റെ ഓവര്‍ ദ ടോപ് ആക്ഷന്‍ രംഗങ്ങളിലൂടെ ഒരു തലമുറയെ തന്നെ വിജയകാന്ത് ആവേശം കൊള്ളിച്ചു. നരസിംഹയും ക്യാപ്റ്റന്‍ പ്രഭാകരുമൊക്കെ ബോക്‌സ് ഓഫീസില്‍ തീര്‍ത്ത ഓളം സമാനതകളില്ലാത്തതാണ്.കമല്‍ഹാസനേയും രജനീകാന്തിനേയും പോലുള്ള അധികായന്മാര്‍ അരങ്ങു വാഴുന്ന കാലത്ത് തന്നെയാണ് വിജയകാന്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ കൊമേഷ്യല്‍ താരങ്ങളില്‍ ഒരാളായി മാറുന്നത്.

ബിഗ് സ്‌ക്രീനില്‍ എന്നും അനീതിയ്‌ക്കെതിരെ പൊരുതുന്ന നായകനായിരുന്നു വിജയകാന്ത്. താരം എന്നതിലുപരിയായി രൂപത്തിലും ഭാവത്തിലും സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നായകനായിരുന്നു വിജയകാന്ത്.  അഭിനയത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല വിജയകാന്തിന്റെ ഹീറോയിസം. ജീവിതത്തിലും അദ്ദേഹം അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് പതിവായിരുന്നു. തമിഴ്താരങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തകളില്‍ സജീവമായിരുന്നു വിജയകാന്ത്. പലവട്ടം രാഷ്ട്രീയത്തിലും ഇടപെട്ടു. പിന്നീട് സിനിമയില്‍ നിന്നും വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു, സ്വന്തം പാര്‍ട്ടിയുമായി.കരുണാനിധിയും ജയലളിതയുമെല്ലാം സജീവമായിരുന്ന കാലത്താണ് വിജയകാന്ത് ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നതെല്ലാം. തമിഴ്‌നാട് നിയമസഭയിലും അദ്ദേഹം ഉറച്ച ശബ്ദമായിരുന്നു. എന്നാല്‍ പിന്നീട് ഈ ശക്തി നിലനിര്‍ത്താന്‍ വിജയകാന്തിന് സാധിച്ചില്ല. പതിവെ രാഷ്ട്രീയത്തിലുള്ള സ്വാധീനവും ജനസമ്മിതിയും വിജയകാന്തിന് നഷ്ടമായി. ഇതിനിടെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നത്.വിജയകാന്തിന്റെ അവസ്ഥ ആരാധകരെയും വേദനിപ്പിക്കുന്നു.  നന്നേ മെലിഞ്ഞ്, കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് വിജയകാന്ത്. സിംഹത്തെ പോലെ ജീവിച്ചിരുന്ന തങ്ങളുടെ ക്യാപ്റ്റന് ഇതെന്താണ് പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അദ്ദേഹത്തെ ഇങ്ങനെ കാണാന്‍ വയ്യെന്നും നല്ല ചികിത്സ നല്‍കി തിരികെ കൊണ്ടു വരണമെന്നും ആരാധകര്‍ പറയുന്നു.