‘നിര്‍ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ’- ജോയ് മാത്യു

ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍. വിനുവിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. നിര്‍ഭയനായ…

ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍. വിനുവിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. നിര്‍ഭയനായ മാധ്യമ പ്രവര്‍ത്തകന്‍ ധാര്‍മ്മികമായ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നിര്‍ഭയനു പിന്തുണ

കുറച്ചുകാലമായി വാര്‍ത്താ ചാനലുകള്‍ ഒന്നും കാണാറില്ലായിരുന്നു.പത്രങ്ങളും ഓണ്‍ലൈനും ആവശ്യത്തിലധികം വാര്‍ത്തകള്‍ തരുന്നുമുണ്ടല്ലോ ,അതിനാല്‍ കണക്ഷനും കട്ട് ചെയ്തു .പക്ഷെ ഇന്ന് വീണ്ടും ഞാന്‍ കണക്ഷന്‍ പുതുക്കി ,ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല ,നിര്‍ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ നല്കാന്‍,അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട്.

‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്നായിരുന്നു വിനു വി ജോണിന്റെ വിവാദ പ്രസ്താവന.