‘അങ്ങനെ പറയുന്നത് തമിഴൻ്റെ സംസ്കാരമല്ല, ഇത്രയും താഴ്ന്ന നിലയിൽ…’; ജയമോഹനെതിരെ തമിഴ് സംവിധായകൻ

തമിഴ്നാട്ടിലടക്കം വമ്പൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിനെതിരെ എഴുത്തുകാരൻ ജയമോഹൻ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ്. ഒരു ചിത്രത്തെ വിമർശിക്കുമ്പോൾ അത്തരം വാക്കുകൾ ജയമോഹൻ ഉപയോഗിക്കാൻ…

തമിഴ്നാട്ടിലടക്കം വമ്പൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിനെതിരെ എഴുത്തുകാരൻ ജയമോഹൻ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ്. ഒരു ചിത്രത്തെ വിമർശിക്കുമ്പോൾ അത്തരം വാക്കുകൾ ജയമോഹൻ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഭാഗ്യരാജ് പറഞ്ഞു. ‘കാ’ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിനിടെയാണ് സംവിധായകൻ പ്രതികരിച്ചത്.

”എൻറെ വാക്കുകൾ വിവാദം സൃഷ്ടിക്കുമെന്ന് എനിക്കറിയാം. എന്നാലും എനിക്കിത് പറയണം. കേരളത്തെക്കാൾ തമിഴ്നാട്ടിലാണ് മഞ്ഞുമ്മൽ ബോയ്സ് വൻ വിജയമായത്. എന്നിരുന്നാലും, ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്നു, ഇത് സങ്കടകരമാണ്. അദ്ദേഹം പ്രശസ്തനായ എഴുത്തുകാരനാണ്. അദ്ദേഹം സിനിമയെ മാത്രം വിമർശിച്ചിരുന്നെങ്കിൽ അതൊന്നും പ്രശ്നമാകുമായിരുന്നില്ല. എന്നാൽ വ്യക്തിപരമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്.

അങ്ങനെ പറയുന്നത് തമിഴൻ്റെ സംസ്കാരമല്ല. നമ്മൾ എല്ലാവരെയും പുകഴ്ത്താറുണ്ട്. എന്നാൽ ഇത്ര താഴ്ന്ന നിലയിൽ ആരെയും വിമർശിക്കാറില്ല. അതു നമ്മുടെ പാരമ്പര്യമല്ല. സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിമർശനമാണ്. എന്നാൽ നിങ്ങൾ കേരളീയരെ വ്യക്തിപരമായി ആക്രമിക്കുകയാണെങ്കിൽ അത് ദൗർഭാഗ്യകരമാണ്. ഇത്തരമൊരു ആക്രമണത്തെ അപലപിക്കാൻ ഇവിടെ ആരുമില്ലെന്ന് മലയാളികൾ കരുതരുത്. അതുകൊണ്ടാണ് ഞാൻ പ്രസ്താവന നടത്തിയത്. ഒരു കാര്യം വ്യക്തമാക്കുന്നു. ശരിയായതിന് വേണ്ടി നിലകൊള്ളാൻ ഞങ്ങൾക്ക് ഇവിടെ ആളുകളുണ്ട്” – ഭാഗ്യരാജ് വ്യക്തമാക്കി.