‘കടുവ’യിനി നെയിം സ്ലിപ്പിലും; വേറിട്ട പ്രചരണം കണ്ട് അമ്പരന്ന് ആരാധകര്‍

സിനിമകളുടെ പ്രൊമോഷന് താരങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങുന്ന കാലമാണിത്. സോഷ്യല്‍ മീഡിയവഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും സിനിമയുടെ പ്രമോഷനുവേണ്ടി സാധ്യമായ എല്ലാ വഴികളും ഇന്ന് നിര്‍മ്മാതാക്കള്‍ തേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കൗതുകകരമായൊരു പ്രമോഷന്‍ രീതിയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്.…

സിനിമകളുടെ പ്രൊമോഷന് താരങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങുന്ന കാലമാണിത്. സോഷ്യല്‍ മീഡിയവഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും സിനിമയുടെ പ്രമോഷനുവേണ്ടി സാധ്യമായ എല്ലാ വഴികളും ഇന്ന് നിര്‍മ്മാതാക്കള്‍ തേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കൗതുകകരമായൊരു പ്രമോഷന്‍ രീതിയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ കടുവയുടെ അണിയറക്കാരാണ് പുതിയ പ്രമോഷന്‍ രീതിയുമായി രംഗത്തിറങ്ങിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള നെയിം സ്ലിപ്പുകളാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രം പൃഥ്വിരാജ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ‘ആദം ജോണി’ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുക. ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നുണ്ട്.

കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എലോണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്. എന്നാല്‍ ആദ്യം റിലീസിനെത്തുക കടുവയാണ്.