കലാഭവന്‍ മണിയായ ആദ്യത്തെ വേദിയും അവസാനത്തെ വേദിയും പാലക്കാടിന്റെ മണ്ണില്‍!!

മലയാളത്തിന്റെ മണികിലുക്കം അവസാനിച്ചിട്ട് ഏഴ് വര്‍ഷമായിരിക്കുകയാണ്. പകരം വയ്ക്കാന്‍ ആളില്ലാത്ത സിംഹാസനം ഒഴിച്ചിട്ടിട്ടാണ് മണി എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുന്നത്. കലാഭവന്‍ മണി മലയാള സിനിമയിലേക്ക് നടനായി എത്തിയതും, അവസാനമായി വേദിയില്‍ നിറഞ്ഞാടിയതും പാലക്കാടിന്റെ മണ്ണിലാണ്…

മലയാളത്തിന്റെ മണികിലുക്കം അവസാനിച്ചിട്ട് ഏഴ് വര്‍ഷമായിരിക്കുകയാണ്. പകരം വയ്ക്കാന്‍ ആളില്ലാത്ത സിംഹാസനം ഒഴിച്ചിട്ടിട്ടാണ് മണി എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുന്നത്. കലാഭവന്‍ മണി മലയാള സിനിമയിലേക്ക് നടനായി എത്തിയതും, അവസാനമായി വേദിയില്‍ നിറഞ്ഞാടിയതും പാലക്കാടിന്റെ മണ്ണിലാണ് എന്നത് വളരെ യാദൃശ്ചികമായ കാര്യമാണ്.

സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിലേക്ക് ലോഹിതദാസ് മണിയെ തിരഞ്ഞെടുക്കാന്‍ കാരണമായ വേദി ഷൊര്‍ണൂരിലായിരുന്നു. ഷൊര്‍ണൂര്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസിലായിരുന്നു അന്ന് ഓഡിഷന് നടന്നത്.

അവിടത്തെ ഒന്നാം നമ്പര്‍ റൂമില്‍ ആയിരുന്നു സല്ലാപത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ലോഹിതദാസ് ഉണ്ടായിരുന്നത്. മണിയുടെ സ്വതസിദ്ധമായ പ്രകടനം കണണ്ട് ഇഷ്ടപ്പെട്ട ലോഹിതദാസ് നേരില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടു.ഷൊര്‍ണൂര്‍ റസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ മണി തനിക്കറിയാവുന്ന അഭിനയവും, മിമിക്രിയും മുഴുവന്‍ അവതരിപ്പിച്ചു.

എല്ലാം കഴിഞ്ഞ ശേഷം ലോഹി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ”തന്റെ മിമിക്രി കൊള്ളാം.., പക്ഷേ, ഈ സിനിമയില്‍ അത് കൊണ്ട് കാര്യമില്ല. തനിയ്ക്ക് തെങ്ങ് കയറാന്‍ അറിയാമോ…’? ചെത്ത് കാരന്റെ വേഷമാണിതില്‍. അത് നന്നാവണമെങ്കില്‍ ആ കഴിവ് വേണം നിര്‍ബന്ധമാണത്’. അഭിനയിക്കാന്‍ അറിയാമോ….? എന്ന ചോദ്യം ഒഴിവാക്കി … ലോഹി മണിയോട് ചോദിച്ചത് തെങ്ങ് കയറാന്‍ അറിയാമോ…’.? എന്നായിരുന്നു.

അതോടെ റസ്റ്റ് ഹൗസ് മുറ്റത്തെ വലിയ തെങ്ങില്‍ മണി കയറി കാണിച്ചുകൊടുത്തു. അതും തനി ചെത്ത്കാരനായിട്ടുതന്നെ. അങ്ങനെ തെങ്ങ് കയറി മണി മലയാള സിനിമാലോകത്തെ പകരം വയ്ക്കാനില്ലാത്ത താരമായി വളര്‍ന്നു.

സല്ലാപത്തിന്റെ പ്രധാന ലൊക്കേഷനും ലോഹി തിരക്കഥ എഴുതിയതുമെല്ലാം
ഷൊര്‍ണൂരില്‍ വച്ച് തന്നെയായിരുന്നു. പണവും, പ്രശസ്തിയും വന്ന് വലിയ താരമായ ശേഷവും മണി വീണ്ടും അവിടേക്ക് എത്തിയിരുന്നു. താരജാഡയില്ലാതെ ജനങ്ങള്‍ക്കൊപ്പം തന്നെ അദ്ദേഹം നിന്നു, മണിയായിട്ടു തന്നെ.

മരണം കവരുന്നതിന്റെ ഒരാഴ്ച മുന്‍പ് ഒറ്റപ്പാലത്തിനടുത്ത് ശ്രീകൃഷ്ണപുരത്തെ പരിപാടിയ്ക്ക് മണി എത്തിയിരുന്നു. പതിനായിരങ്ങള്‍ നിറഞ്ഞ വേദിയില്‍ മണി പാടി, ആടി.. ആവേശം കൊടുമുടിയിലെത്തിച്ചു.

‘ഞാന്‍ ഇനിയും വരും, നിങ്ങളുടെ സ്നേഹം വേണം… ഒപ്പം സ്വതസിദ്ധമായ, പ്രശസ്തമായ ആ ചിരിയും. ‘പക്ഷേ, മണി വാക്ക് ആ തെറ്റിച്ചു. സ്നേഹവും, ഓര്‍മ്മയും,ചിരിയും ബാക്കിയാക്കി മണി എന്നന്നേക്കുമായി യാത്രയായി. മണി പാടിയ ചില പാട്ടുകള്‍ അറംപറ്റിയതുപോലെയായി ആ മരണവും, തിരിച്ചുവരവില്ലാതെ.