‘സ്റ്റാര്‍ കിഡ്സിന് ലഭിക്കുന്ന ലോഞ്ചിങ്ങൊന്നും തനിക്ക് മലയാളത്തില്‍ നിന്നും കിട്ടിയിട്ടില്ല’-കാളിദാസ് ജയറാം

അച്ഛന്റെയും അമ്മയുടെയും പാതയില്‍ സിനിമയിലെത്തിയ താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് കാളിദാസ്. സ്റ്റാര്‍ കിഡ്സിന് ലഭിക്കുന്ന ലോഞ്ചിങ്ങൊന്നും തനിക്ക് മലയാള സിനിമ തന്നിട്ടില്ലെന്ന് കാളിദാസ് പറയുന്നു. അത്തരം കാര്യങ്ങളൊന്നും അച്ഛന് അറിയില്ലെന്നും കാളിദാസ് പറഞ്ഞു. കാളിദാസ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

മറ്റു താര പുത്രന്മാരില്‍ നിന്നും വ്യത്യസ്തമായ ചിത്രങ്ങളാണ് കാളിദാസ് തെരഞ്ഞെടുക്കാറുള്ളത്. താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് തന്നെ നടക്കാറുണ്ട്. അവര്‍ക്ക് വേണ്ടി മാത്രമുള്ള പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനും പ്രത്യേകം ആളുകളുണ്ടാകും.

പൊതുപരിപാടിക്ക് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതടക്കം പലതും അവരാണ് തീരുമാനിക്കുന്നത്. ആ രീതിക്ക് തീര്‍ച്ചയായും അതിന്റേതായ ഗുണമുണ്ട്.
എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കാന്‍ അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെന്നും താരം പറയുന്നു.

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവസരം തനിക്ക് എപ്പോഴും ലഭിച്ചിരുന്നു. അത് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കണക്കാക്കുന്നതെന്നും കാളിദാസ് പറയുന്നു.

35 ലേറെ വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും ചരടുവലികള്‍ നടത്താനൊന്നും അച്ഛന് അറിയില്ല. ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം എന്നേ മാറിയേനെ. അതാണ് തനിക്ക് തോന്നുന്നതെന്നും കാളിദാസ് തുറന്നുപറയുന്നു