മമ്മൂട്ടി ആ ചിത്രം നിരസിച്ചതോടെ മോഹൻലാൽ എത്തി; എന്നാൽ വെള്ളിത്തിരയിലുണ്ടായത് വമ്പൻ ഹിറ്റ്; തിരക്കഥാകൃത്ത്

ചില സിനിമകൾ ഉണ്ട്. എത്രകാലങ്ങൾ കഴിഞ്ഞാലും അത്തരം  സിനിമകൾ  മായാതെ അങ്ങനെ പ്രേക്ഷകരുടെ  മനസിൽ നിലകൊള്ളും. അത്തരം സിനിമയിലെ  താരങ്ങൾ, അല്ലെങ്കിൽ കഥ  അതുമല്ലെങ്കിൽ സംവിധായക തിരക്കഥ കൂട്ടുകെട്ട് ഒക്കെയാകാം ആ പ്രേക്ഷകപ്രീതിക്ക് കാരണം.…

ചില സിനിമകൾ ഉണ്ട്. എത്രകാലങ്ങൾ കഴിഞ്ഞാലും അത്തരം  സിനിമകൾ  മായാതെ അങ്ങനെ പ്രേക്ഷകരുടെ  മനസിൽ നിലകൊള്ളും. അത്തരം സിനിമയിലെ  താരങ്ങൾ, അല്ലെങ്കിൽ കഥ  അതുമല്ലെങ്കിൽ സംവിധായക തിരക്കഥ കൂട്ടുകെട്ട് ഒക്കെയാകാം ആ പ്രേക്ഷകപ്രീതിക്ക് കാരണം. അത്തരത്തിൽ ഒട്ടനവധി സിനിമകൾ മലയാള സിനിമയിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്  മോഹൻലാൽ നായകനായി എത്തിയ രാജാവിന്റെ മകൻ. വമ്പൻ ഹിറ്റായി മാറിയിരുന്നു രാജാവിന്റെ മകനും ഒപ്പം  മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകനും. വിൻസന്റ് ഗോമസ്  ചെറുതല്ലാത്ത ഓളം തന്നെയാണ് കേരളക്കരയിൽ അക്കാലത്തു  സമ്മാനിച്ചത്. ഇന്നും അതെ ആവേശത്തോടെ തന്നെയാണ് ഇപ്പോഴും  ആരാധകർ  ആ സിനിമ ഓർക്കുന്നത്. മോഹൻലാലിന്റെ കരിയറിൽ വൻ വഴിത്തിരിവായ സിനിമ കൂടിയായിരുന്നു രാജാവിന്റെ മകൻ. മമ്മൂട്ടിയെ നായനാക്കി എഴുതിയ കഥയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ അക്കാലത്തു  തുടരെയുള്ള പരാജയങ്ങളിൽ പെട്ട് കിടക്കുന്ന സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വിസമ്മതിച്ചു. അങ്ങനെയാണ്  ആ വേഷം മോഹൻലാലിലേക്ക് എത്തുന്നത്.

ആറ് ദിവസം കൊണ്ട് ഒരുക്കിയ തിരക്കഥ പോലും വായിക്കാതെയാണ് മോഹൻലാൽ രാജാവിന്റെ മകനിൽ  അഭിനയിച്ചതെന്ന് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് സാധാരണ ​ഗതിയിൽ ഒരുവിധപ്പെട്ട നിർമാതാക്കൾ അം​ഗീകരിക്കാത്ത തീം ആയിരുന്നു രാജാവിന്റെ മകൻ എന്ന സിനിമയുടേത്. അതായത് സിനിമയിലെ  ഹീറോ ആണ് വില്ലൻ. പക്ഷെ തമ്പി കണ്ണന്താനത്തിന് കഥകേട്ടപ്പോൾ തന്നെ ഇഷ്ടമായി. അങ്ങനെ സിനിമ  ചെയ്യാനും തീരുമാനിച്ചു. പക്ഷെ  നിർമാതാവ് ഇല്ല എന്നത് വലിയ പ്രശ്നം ആയിരുന്നു. മമ്മൂട്ടി നായകനാകണം എന്നായിരുന്നു തന്റെ ആ​ഗ്രഹമെന്നും  തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോട് ആയിട്ടായിരുന്നുവെന്നും ഡെന്നിസ് പറഞ്ഞിട്ടുണ്ട്. പക്ഷെ തമ്പിയുടെ ആ നേരം അല്പം ദൂരം എന്ന സിനിമ കൂടി പരാജയപ്പെട്ടതോടെ വീണ്ടും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. അന്ന് സൂപ്പർ ഹീറോ ആയി മമ്മൂട്ടി വളർന്ന് നിൽക്കുന്ന സമയവുമാണ്. രാജാവിന്റെ മകന്റെ കഥ ഇഷ്ടപ്പെട്ടെങ്കിലും തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി മടിച്ചു.

തമ്പി കണ്ണന്താനത്തിനു  വിഷമം ഉണ്ടാകുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ഒടുവിൽ തമ്പി മോഹൻലാലിന്റെ അടുത്തെത്തി. അന്ന് സൂപ്പർ താരം ആയിട്ടില്ല മോഹൻലാൽ. മോഹൻലാൽ പറഞ്ഞു തനിക്ക്  കഥ കൾക്കണ്ട. നിങ്ങൾക്ക് അറിയാമല്ലോ എന്ന്. അത് തന്നെ അമ്പരപ്പിച്ച് കളഞ്ഞുവെന്നും ഡെന്നിസ് പറഞ്ഞിട്ടുണ്ട്.  അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മൂട്ടി, എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിക്കും. ഒപ്പം വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കും. ഒന്നു കൂടി ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ, ഇനി മമ്മൂട്ടി  ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും പറ്റില്ലെന്ന് തമ്പി കണ്ണന്താനം  തറപ്പിച്ച് പറഞ്ഞു. ഒടുവിൽ തമ്പിയുടെ കാർ വിറ്റ് സിനിമ നിർമിച്ചു. റബ്ബര്‍ തോട്ടവും പണയപ്പെടുത്തി. വളരെ ബുദ്ധിമുട്ടിയായിരുന്നു ആ സിനിമ എടുത്തത്. കുറഞ്ഞ ചെലവിൽ ആയിരുന്നു ഷൂട്ടിം​ഗ്. അഞ്ചോ ആറോ ദിവസം കൊണ്ടാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ഒടുവിൽ ആ സിനിമ മലയാളത്തിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തു എന്നാണ് അന്ന് ഡെന്നിസ് ജോസഫ് പറഞ്ഞത്.