കണ്ണൂർ സ്‌ക്വാഡ് ഗംഭീരം; ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ പറയുന്നു

2007ല്‍ കണ്ണൂര്‍ എസ് പി ആയിരുന്ന കാലത്ത് കണ്ണൂര്‍ സ്ക്വാഡ് എന്ന പേരില്‍ അന്വേഷണസംഘത്തെ രൂപീകരിച്ച, ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായ എഡിജിപി എസ് ശ്രീജിത്തും സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണാനെത്തി.…

2007ല്‍ കണ്ണൂര്‍ എസ് പി ആയിരുന്ന കാലത്ത് കണ്ണൂര്‍ സ്ക്വാഡ് എന്ന പേരില്‍ അന്വേഷണസംഘത്തെ രൂപീകരിച്ച, ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായ എഡിജിപി എസ് ശ്രീജിത്തും സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണാനെത്തി. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. പി. ശ്രീജിത്ത് പറഞ്ഞു. പൊതുജനത്തിനിടയില്‍ പൊലീസിന്‍റെ പ്രതിച്ഛായ മാറ്റാന്‍ സഹായിക്കുമെന്നും പ്രദര്‍ശനത്തിന് ശേഷം എസ് ശ്രീജിത്ത് പറഞ്ഞു. റിയലിസ്റ്റിക് ആയിരിക്കുമ്പോള്‍ത്തന്നെ സിനിമാറ്റിക് ആയി വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.  പോലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതിൽ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ കണ്ണൂർ സ്‌ക്വാഡ് പോലീസുകാർക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.ഒന്നുകില്‍ കൊച്ചിന്‍ ഹനീഫയുടെ ഹാസ്യ കഥാപാത്രം. അല്ലെങ്കില്‍ സുരേഷ് ​ഗോപിയുടെ അതിഭാവുകത്വ കഥാപാത്രം. അതാണ് സ്ഥിരം വരാറ്. പൊലീസിനെ ഇത്ര റിയലിസ്റ്റിക് ആയിട്ട് വളരെ ദുല്‍ലഭമേ കണ്ടിട്ടുള്ളൂ. കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഇത് പൊലീസിന് മൊത്തത്തിലുള്ള ആദരവ് ആണ്”. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള കഥ ഉണ്ടോ എന്ന ചോദ്യത്തിന് ഇവര്‍ എല്ലാവരും തയ്യാറാവുകയാണെങ്കില്‍ പറഞ്ഞുകൊടുക്കാന്‍ ഇഷ്ടംപോലെ കഥകള്‍ തങ്ങളുടെ അടുത്ത് ഉണ്ടെന്ന് ആണ് എഡിജിപി ശ്രീജിത്തിന്റെ  മറുപടി. മമ്മൂക്കയുടെ പോലീസ് വേഷത്തിലെ അഭിനയത്തെ വാനോളം  പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങൾ ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരേയും പ്രശംസിക്കുകയും ചെയ്തു.

കേരളത്തിൽ തിമിർത്തു പെയ്യുന്ന മഴയെ തോൽപ്പിച്ചാണ് തിയേറ്ററിലേക്ക് പ്രേക്ഷകർ കണ്ണൂർ സ്‌ക്വാഡ് കാണാനെത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് കണ്ണൂർ സ്‌ക്വാഡ്. കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടർ റോബി ഡേവിഡ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊൾ, ധ്രുവൻ, ഷെബിൻ തുടങ്ങിയവരും കണ്ണൂർ സ്‌ക്വാഡിലെ അംഗങ്ങൾക്കൊപ്പം തീയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ആയി കണ്ണൂർ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററിൽ ഉണ്ടായിരുന്നു.മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.