കാതല്‍ വലിയ വിജയമാക്കേണ്ട സിനിമ!! എല്ലാ റിസ്‌ക് ഫാക്ടറും ഏറ്റെടുത്ത് സ്വയം വിട്ടുനല്‍കിയതിന് നന്ദി മമ്മൂക്ക

മമ്മൂട്ടി, ജ്യോതിക എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘കാതല്‍’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകള്‍ എല്ലാം നിലനിര്‍ത്തി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. എത്ര മനുഷ്യരെ, എത്രായിരം വികാരങ്ങളെയാണ് ഒരൊറ്റ…

മമ്മൂട്ടി, ജ്യോതിക എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘കാതല്‍’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകള്‍ എല്ലാം നിലനിര്‍ത്തി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. എത്ര മനുഷ്യരെ, എത്രായിരം വികാരങ്ങളെയാണ് ഒരൊറ്റ സിനിമ കൊണ്ട് ഈ സിനിമ പരിഗണിച്ചു കളഞ്ഞത്. ഉള്ളില്‍ ഒളിപ്പിച്ചു ഭദ്രമായി സൂക്ഷിക്കുന്ന, ഒരിക്കലും ഇരമ്പി പുറത്തേക്ക് ഒഴുകാത്ത കടലിനെ, ഓരോ മൂളലും നിശ്വാസവും നോട്ടവും ചലനവും കൊണ്ടു പോലും കാതല്‍
പ്രേക്ഷകരിലെത്തിക്കും. ജിയോ ബേബി എന്ന സംവിധായകനും ഒപ്പത്തിനൊപ്പം അഭിനേതാക്കളും പാട്ടും സംഗീതവും. കാതല്‍ എന്ന പേരിനു പോലുമുണ്ട് ഇതുവരെയില്ലാത്ത ഭംഗിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ നിറയുന്നത്.

കാതലിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍ പങ്കുവച്ച പോസ്റ്റിങ്ങനെയാണ്, കാതല്‍ അതിന്റെ തരത്തിലെ മലയാളത്തിലെ ആദ്യ മുഖ്യധാരാ സിനിമയാണ്. ജിയോ ബേബിയുടെ തെളിഞ്ഞ സാമൂഹിക രാഷ്ട്രീയബോധ്യത്തിന്റെ ചലച്ചിത്രാഖ്യാനമാണ് കാതല്‍ സിനിമ. ആവശ്യമില്ലാത്ത യാതൊന്നും പറയാതിരിക്കുക, പറയുന്നതെല്ലാം പ്രമേയത്തിന്റേയും കഥയുടേയും ഏതെങ്കിലും സീറ്റെയ്‌ലിംഗിന് വേണ്ടത് മാത്രമാവുക എന്നതരം ഒരു ചെക്കോവിയന്‍ ആഖ്യാനം ജിയോയുടെ എല്ലാ സിനിമയിലുമുണ്ട്. സ്വയം ആവര്‍ത്തിക്കാതിരിക്കുന്നതും തന്റെ തന്നെ ശൈലിയില്‍ നിന്ന് കുതറിയോടുന്നതും അദ്ദേഹം സ്വന്തം ശൈലിയായി ഉറപ്പിക്കുന്നു കാതലില്‍.

ഈ സിനിമയില്‍ വേഷമിട്ടവരെല്ലാം ഓരോ കഥാപാത്രത്തിന്റേയും ഉള്‍ലോകത്തെയാകെ അഭിനയദേഹത്തിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ട്. മമ്മൂക്കയുടെ അച്ഛന്‍ വേഷം ചെയ്ത സീനിയര്‍ നടന്‍, സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്യാരക്ടറായ സുധി ഒക്കെ എത്ര മിതമായും അപാരവുമായി അഭിനയിച്ചിരിക്കുന്നു! ജ്യോതികയുടേത് അവരുടെ കരീര്‍ ബെസ്റ്റുകളിലൊന്നായ പ്രകടനമാണ്.

മമ്മൂക്കയെപ്പറ്റി ഇനിയെന്തു പറയാനാണ്! ഇന്നാളൊരു ദിവസം ഞാനിവിടെ ഇങ്ങനെ എഴുതിയിരുന്നു.’സ്വയം രാകുന്ന വായ്ത്തലയില്‍ സ്വന്തം കാതല്‍ കടയുന്ന ഒരു വടവൃക്ഷമാണ് മമ്മൂട്ടി. കടയുന്തോറും ശിഖരങ്ങള്‍ പടര്‍ന്നൊരു വനമായി വലുതാകുന്ന മഹാശാഖി!’ അതിപ്പോഴാണ് എഴുതേണ്ടിയിരുന്നതെന്ന് ഓരോ സിനിമ കണ്ടുകഴിയുമ്പോഴും തോന്നും. ഇന്നും തോന്നി, അത്രമാത്രം.

ക്വീര്‍ പൊളിറ്റിക്‌സ് ഇത്രേം ഉച്ചത്തില്‍ പറയുന്ന ഒരു സിനിമയ്ക്കായി അതിന്റെ സാമൂഹികമായ എല്ലാ റിസ്‌ക് ഫാക്ടറും ഏറ്റെടുത്ത് സ്വയം വിട്ടുനല്‍കിയതിന് നന്ദി മമ്മൂക്ക. വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടും കാതല്‍ മനസ്സില്‍ തട്ടി. കടന്നുവന്നൊരു കാലത്തിന്റെ സാക്ഷ്യപത്രം പോലെ തോന്നി. നമ്മുടെ കാലത്ത് ഉറക്കെ പറയേണ്ട പ്രമേയമാണ് കാതലിന്റേത്. കണ്ട് വലിയ വിജയമാക്കേണ്ട സിനിമയാണ് കാതല്‍.