റെഡ് സല്യൂട്ട് സഖാവേ… കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു മരണം…

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു മരണം സ്ഥിരീകരിച്ചത്. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്‌കാരം തിങ്കാളാഴ്ച്ച മൂന്ന് മണിക്ക് നടക്കും.

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദാക്കിയിരുന്നു. കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക് പുറപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കോടിയേരിക്കുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ മുന്നോട്ടുനയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചാണ് സഖാവ് യാത്രയാവുന്നത്

സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റിയ നേതാവുമായി കോടിയേരി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രിയ്‌ക്കൊപ്പം നിന്ന് പാര്‍ട്ടിയുടെ ജനപ്രിയമുഖമായി.

ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരി ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ നില മെച്ചപ്പെട്ടെന്നും പറഞ്ഞ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.