‘കോടികൾ വാരിക്കൂട്ടി  കോളിവുഡ്’ ; 2023 ൽ ബോക്സ് ഓഫീസ് തകർത്ത 10 ചിത്രങ്ങൾ

കോളിവുഡിൽ നടത്തിയ പുത്തൻ പരീക്ഷണങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി വിജയിക്കുകയാണുണ്ടായത്. ആഗോള തലത്തിൽ പണം വാരിക്കൂട്ടി , പല കളക്ഷൻ റെക്കോർഡുകളും മറികടന്നു. ചിത്രങ്ങളുടെ പ്രമേയങ്ങൾ എല്ലാം തന്നെ വ്യത്യസ്തവുമായിരുന്നു. എന്നാൽ എല്ലാം…

കോളിവുഡിൽ നടത്തിയ പുത്തൻ പരീക്ഷണങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി വിജയിക്കുകയാണുണ്ടായത്. ആഗോള തലത്തിൽ പണം വാരിക്കൂട്ടി , പല കളക്ഷൻ റെക്കോർഡുകളും മറികടന്നു. ചിത്രങ്ങളുടെ പ്രമേയങ്ങൾ എല്ലാം തന്നെ വ്യത്യസ്തവുമായിരുന്നു. എന്നാൽ എല്ലാം തീയറ്ററുകളെ ഇളക്കിമറിച്ച പരീക്ഷണങ്ങളായി. മാസ്സ്, ക്ലാസ്, ത്രില്ലർ, റൊമാൻസ്, എന്‍റർടെയിൻമെന്‍റ്, സയൻസ് ഫിക്ഷൻ  പൊളിറ്റിക്‌സ്. അങ്ങനെ ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നു 2023 ൽ സിനിമ പ്രേമികൾക്ക് തമിഴ് ചലച്ചിത്ര ലോകം സമ്മാനിച്ചത്. തെരഞ്ഞെടുത്ത വിഷയങ്ങൾ ആയിരുന്നു തമിഴ് സിനിമയെ വേറിട്ട്  നിർത്തിയത്. പ്രഖ്യാപനം മുതൽ തന്നെ പല ചിത്രങ്ങളും ആഗോളതലത്തിൽ ആഘോഷമാക്കപ്പെട്ടു. തമിഴിൽ സൂപ്പർ താരങ്ങൾ ബോക്‌സ്  ഓഫീസിൽ  പല തവണ നേർക്കുനേർ ഏറ്റുമുട്ടി. തീയറ്ററുകളിൽ പ്രകമ്പനമായി അതെല്ലാം മാറുകയും ചെയ്തു. ചിത്രങ്ങൾ കൊയ്തെടുത്തതാകട്ടെ കോടികളുടെ കിലുക്കമായിരുന്നു. കളക്ഷൻ റെക്കോർഡുകൾ വാരി കൂട്ടി 2023 ൽ തീയറ്ററുകൾ അടക്കി ഭരിച്ചത് ദളപതി ചിത്രം  ലിയോ ആയിരുന്നു.

പ്രഖ്യാപനം മുതൽ ലിയോക്ക് വേണ്ടി സിനിമ പ്രേമികൾ എന്തിന്  കാത്തിരിക്കണം എന്ന ചോദ്യത്തിന് ഒരു ഉത്തരം ദളപതി വിജയ് ആയിരുന്നെങ്കിൽ മറ്റൊരു ഉത്തരം ലോകേഷ് കനകരാജ് എന്ന ബ്രാൻഡ് ആയിരുന്നു. ലിയോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോൾ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ വിറ്റു പോയത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലും ഹൗസ് ഫുൾ ബോർഡിലായിരുന്നു ദിവസങ്ങളോളം കടന്നു പോയത്. റിലീസിന് മുന്നെ തന്നെ കോടികളുടെ പണക്കിലുക്കം സ്വന്തമാക്കിയ ലിയോ ആഗോള തലത്തിൽ തന്നെ പണം വാരിക്കൂട്ടി. അങ്ങനെ ബോക്സ് ഓഫീസിനെ തൂക്കിയടിച്ച ലിയോ മൊത്തം 610 കോടിയിലേറെയാണ് അക്കൗണ്ടിലാക്കിയത്. 2023 പകുതിയോടെ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മറ്റൊരു ചിത്രം സ്റ്റൈൽ മന്നൻ രജനികാന്ത് തകർത്താടിയ ജയിലർ ആയിരുന്നു. പ്രഖ്യാപനം മുതൽ സിനിമ പ്രേമികൾ എറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ജയിലർ. വമ്പൻ താരനിരകൾ കൂടി അണിനിരന്നതോടെ ചിത്രം വേറെ ലെവലായി. ബോക്‌സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച ചിത്രം, മൊത്തത്തിൽ 607 കോടിയിലേറെ കളക്ഷനും നേടി. തമിഴകത്തും ആഗോളതലത്തിലും കോടികൾ വാരിയെടുത്ത മറ്റൊരു ബ്രഹ്മാണ്ട ചിത്രമായിരുന്നു പൊന്നിയൻ സെൽവൻ 2. ദൃശ്യ വിസ്മയം കൊണ്ട് പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ മറ്റൊരു തലത്തിൽ എത്തിച്ച മണിരത്നം മാജിക്ക് ബോക്‌സ് ഓഫീസിൽ നിന്ന് മൊത്തം നേടിയത് 340 കോടിലേറെയാണ്. 2023 ന്‍റെ തുടക്കത്തിൽ ദളപതിയും തലയും നേർക്കുനേർ വന്നപ്പോളും തീയറ്ററുകൾ ഇളകി മറിഞ്ഞിരുന്നു. വാരിസും തുനിവും തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് 200 കോടിയിലേറെ നേടി. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം വാത്തി ആയിരുന്നു മറ്റൊരു ബമ്പർ ഹിറ്റ്.

ചിത്രം  നൂറ് കോടി ക്ലബ്ബിൽ ഇടം നേടി. 2023 ന്‍റെ അവസാനത്തിൽ സിനിമ പ്രേമികൾ കണ്ടത് മാർക്ക് ആന്‍റണിയുടെ ‘തിയറ്റർ വിപ്ലവം’ ആയിരുന്നു. എ സ്ജെ സൂര്യയും വിശാലും അമ്പരപ്പിച്ച പ്രകടനം നടത്തിയ ചിത്രം ബമ്പർ ഹിറ്റിലേക്കാണ് കുതിച്ചത്. ടൈം ട്രാവൽ പ്രമേയത്തെ സിനിമ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ മാർക്ക് ആന്‍റണിയും നൂറ് കോടി ക്ലബും കടന്ന് മുന്നേറി. ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണി അശ്വിൻ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ഫാന്‍റസി ആക്ഷൻ ചിത്രം മാവീരനും 2023 ൽ തിളങ്ങി. ആദ്യ ദിനത്തിൽ തമിഴ് നാട്ടില്‍ മാവീരൻ നേടിയത് 7.61 കോടി രൂപയാണ്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റടിച്ച ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് ആകെ 90 കോടിയിലേറെയാണ് നേടിയത്.ജാതി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ച ‘മാമന്നനും’ തമിഴകത്തെ ഇളക്കി മറിച്ചു. പരിയേറും പെരുമാളും കർണനും ഏറ്റെടുത്തതു പോലെ  മാരി സെൽവരാജിന്‍റെ മാമന്നനെയും പ്രേക്ഷകർ ഏറ്റെടുത്തു. ഫഹദ് ഫാസിലും വടിവേലുവും ഉദയനിധി സ്റ്റാലിനും കീർത്തി സുരേഷും തകർത്തഭിനയിച്ച ചിത്രം 75 കോടി രൂപ കളക്ഷനും നേടി. തമിഴിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു ശരത് കുമാർ നായകനായ ‘പോര്‍ തൊഴില്‍’. ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയ  ക്രൈം ത്രില്ലർ ചിത്രം ഏറെ നിരൂപക പ്രശംസ നേടി. മാത്രമല്ല 50 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷനും നേടി. സിനിമ പ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മറ്റൊരു ചിത്രമായിരുന്നു ജിഗർതണ്ട ഡബിൾ എക്സ്. കാർത്തിക് സുബ്ബാരാജിന്‍റെ മാജിക്കിനൊപ്പം എസ് ജെ സൂര്യയും രാഘവ ലോറൻസും ഡബിൾ ഇംപാക്ടിൽ എത്തിയപ്പോൾ ഇരുവരുടെയും കരിയർ ബെസ്റ്റ് എന്നുതന്നെ സിനിമാ ലോകം ചിത്രത്തെ അടയാളപ്പെടുത്തി. 40 കോടിയിലേറെ രൂപയാണ് ചിത്രം ബോക്സോഫിയിൽ സ്വന്തമാക്കിയത്. 2023 ൽ ഏറെ നിരൂപക പ്രശംസ നേടിയ മറ്റൊരു ചിത്രമായിരുന്നു സിദ്ധാർഥ് നായകനായ ചിറ്റ. ആദ്യാവസാനം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും വൈകാരികമായി വേറൊരു തലത്തിലെത്തിക്കുകയും ചെയ്യുന്ന ഒരു ഇമോഷനൽ ത്രില്ലർ. അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവും പറഞ്ഞ വെട്രിമാരൻ ചിത്രം വിടുതലൈ പാർട്ട് വണ്ണും ഏറെ ശ്രദ്ധനേടി. ഗുഡ് നൈറ്റ്, ഡാഡാ, ഇരുഗപട്രു, ജപ്പാൻ എന്നീ ചിത്രങ്ങളും ഏറെ  സ്വീകാര്യത നേടി.