ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചാലും കിട്ടാത്തത്ര അനുഭവാഭിനയപാഠങ്ങളാണു കെ. പി. എ. സി ലളിത മലയാള സിനിമക്ക് നൽകിയത് !!

Follow Us :

അടൂർ ഗോപാലകൃഷ്ണൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യുന്നത്‌ കെ പി എ സി ലളിതയെ വിളിച്ച്‌ ബുക്കു ചെയ്യുക എന്നതായിരുന്നുവത്രെ. തന്റെ സിനിമയിലെ നായകൻ/നായിക ആരാണെന്നുവരെ പിന്നെയാണു ആ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ചിന്തിയ്ക്കുക. പെർഫെക്ഷന്റെ കാര്യത്തിൽ പട്ടിക്കാന്തൊടിയാശാനായ അടൂരിനെക്കൊണ്ട്‌ ഒരൊറ്റ ടേക്കിൽ കട്ട്‌ പറയിപ്പിയ്ക്കുന്ന നടനാവതാരമായിരുന്നു ലളിത. പെർഫെക്ഷനുവേണ്ടി വെമ്പായം തമ്പിയെക്കൊണ്ട്‌ ഒൻപതുതവണ കോഴിമുട്ട തീറ്റിച്ചയാളാണു (അനന്തരം ) അടൂർ എന്നോർക്കുമ്പോൾ ലളിതയുടെ റേഞ്ച്‌ എന്താണെന്ന് മനസ്സിലാവും. അത്രയ്ക്കധികവും ആധികാരികവുമായിരുന്നു ലളിതയുടെ ആ ക്ലാസ് ആക്ഷൻ. ഒരൊറ്റ ടേക്കുമാത്രമുള്ള നാടകവേദിയിൽനിന്നും മഹേശ്വരി എന്ന നടനാവതാരം സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക്‌ പകർന്നാട്ടം നടത്തിയപ്പോൾ സിനിമയിലെ ലളിത എന്ന പേര് വാസ്തവത്തിൽ,ആ അർത്ഥത്തിൽ അന്വർത്ഥമായിത്തീർന്നു. നാടകാഭിനയം (Action )ഒരു ലിറ്റ്‌മസ്‌ ടെസ്റ്റാണു. പെട്ടന്നുതന്നെ റിസൽറ്റ്‌ അറിയാം.

ഡയലോഗിലെ ഒരു അക്ഷരം തെറ്റിയാൽ, അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ സഞ്ചാരീഭാവം ഒരു പൊടിയ്ക്ക് മാറിപ്പോയാൽ അപ്പോൾത്തന്നെ സദസ്സിൽ നിന്നും അതിന്റെ പ്രതിപ്രവർത്തനം (Reaction)ഉണ്ടാകും. അത്രയ്ക്കും പെർഫെക്റ്റായൊരു കലയുടെ വർണ്ണങ്ങൾ വാരിപ്പൂശിയ മഹേശ്വരിയ്ക്ക്‌, യന്ത്രസഹായത്താൽ നികത്തിയെടുക്കാവുന്ന (makeup) സിനിമാഭിനയം അയത്നലളിതമായതിൽ അത്ഭുതമില്ല. ചുമ്മാ അങ്ങ്‌ അഭിനയിച്ച്‌, അഭിനയം തീരുമ്പോൾ ആ കഥാപാത്രത്തിനെ കുടഞ്ഞെറിയുന്ന ലളിതായനം മഹേശ്വരിയമ്മയ്ക്ക്‌ മാത്രം ചെയ്യാൻ കഴിയുന്ന മാജിക്‌ ആണ്. ജീവിതത്തിലെ മഹേശ്വരി അരങ്ങിലെ ലളിതയായിത്തീരുന്നു. ഇന്ത്യൻ സിനിമയിൽ ;തമിഴ്‌ നടി മനോരമയിലാണു ആ മാജിക്ക്‌ ഞാൻ വേറൊരാളിൽ കണ്ടത്‌. നാടകത്തട്ടിൽ നിന്നു വന്നതുകൊണ്ടാവാം ലളിതയുടെ ആദ്യകാലകഥാപാത്രങ്ങൾക്ക്‌ ‘നാടകീയത’ (Dramatize )ലേശം കൂടുതലായിരുന്നു.

കൊടിയേറ്റത്തിലെയും മുഖാമുഖത്തിലേയും മറ്റും കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിയ്ക്കുമ്പോൾ ആ നാടകീയത നമുക്ക് കൃത്യമായി മനസ്സിലാക്കാം. സിനിമയ്ക്ക്‌ അത്രയധികം അതിഭാവുകത്വം വേണ്ടെന്ന് പിന്നീട് ഭരതനിലൂടെ മനസ്സിലാക്കിയ ലളിത അതോടെ തന്റെ മെലോഡ്രാമാ ശൈലി മാറ്റിയെടുത്തു. എൺപതുകളിലെ മലയാളസിനിമയുടെ നവഭാവുകത്വം രൂപപ്പെടുത്തിയെടുത്തവരിൽ ലളിതയ്ക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്‌. മസിൽ പിടിച്ചും വെട്ടിമുറിച്ചെടുത്ത സംസാരശൈലിയിലുമുള്ള കഥാപാത്രങ്ങളിൽനിന്നും തന്റെ കഥാ പാത്രങ്ങളുടെ അഭിനയത്തീർച്ചകൾ സ്വതസിദ്ധമായ ആവിഷ്കാരശരീരങ്ങളിലേയ്ക്ക്‌ പരകായപ്രവേശം നടത്തിയ ലളിത അതിനു ശേഷം മലയാളസിനിമയിലെ സ്ത്രീകഥാപാത്രങ്ങൾക്ക്‌ സ്വന്തമായി അരങ്ങുഭാഷ്യം നിർമ്മിച്ചെടുത്തു.

വീതിക്കരക്കസവുള്ള കുത്താമ്പുള്ളി സെറ്റ് ഉടുത്തെത്തുന്ന തറവാട്ടമ്മയായാലും, കൈലിമുണ്ടുടുത്ത്‌ മുറുക്കിച്ചുവപ്പിച്ച്‌, രണ്ടു വിരലുകൾക്കിടയിലൂടെ നീട്ടിത്തുപ്പുന്ന മുക്കുവപ്പെണ്ണായാലും ലളിതയുടെ അഭിനയശരീരത്തിൽ ഇവ രണ്ടും ഭദ്രമായി. അമരത്തിലേയും മാളൂട്ടിയിലേയും അമ്മവേഷങ്ങൾ നോക്കുക. വള്ളുവനാടൻ ചുവയുള്ള മുസ്ലിം ഭാഷ മിണ്ടുന്ന താത്തയായാലും വിശറിപോലെ ഞൊറിവെച്ചുടുത്ത കവണിയുടുത്ത സുറിയാനി-നസ്രാണി അമ്മച്ചിയായാലും, 18 മുളം പട്ടുചേല ഞൊറിഞ്ഞ്‌ പാളത്താറുടുക്കുന്ന അമ്മ്യാരായാലും ലളിതയ്ക്കൊരുപോലെയായിരുന്നു. വരുന്നു, അഭിനയിക്കുന്നു, പോകുന്നു. അത്രന്നെ അയഥാർത്ഥമായ സ്ക്രീനിലെ, അതിലും അയഥാർത്ഥമായ പകർന്നാട്ടകഥാപാത്രങ്ങളിലൂടെ വല്ലാതെ കരയിച്ച ചില ലളിതപ്പടപ്പുകൾ നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ശാന്തത്തിലെ മകൻ നഷ്ടപ്പെട്ട അമ്മ, കന്മദത്തിലേയും മാടമ്പിയിലേയും അമ്മമാർ, കനൽക്കാറ്റിലെ നാലു സീനുകളിൽ മാത്രം മിന്നിമറയുന്ന ഓമന എന്നിവർ അവരിൽ ചിലർ.

ശോകസ്ഥായീഭാവത്തിന്റെ വിഭാവങ്ങളിലൊന്നായ ഗദ്‌ഗദം ഇത്ര ഭംഗിയായി ആവിഷ്കരിയ്ക്കാൻ മലയാള സിനിമയിൽ അന്നും ഇന്നും എന്നും ലളിതയെ മാറ്റിനിർത്തിയാൽ ആരുമില്ല എന്ന് നിസ്സംശയം പറയാം. അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച്‌ നാടുവിട്ടുപോയ മകൻ വർഷങ്ങൾക്കു ശേഷം തിരിച്ചുവന്നപ്പോൾ അമ്മയും മകനും കാണുന്ന ആ സന്ദർഭം (കന്മദം) ഓർക്കുക. ലളിതച്ചേച്ചിയുടെ അഭിനയം കണ്ട്‌ അമ്പരന്ന്, അടുത്ത ഡയലോഗ്‌ പറയാൻ മറന്നുപോയി എന്ന് മോഹൻ ലാലിനെക്കൊണ്ട്‌ പറയിപ്പിച്ച ആ നടനവൈഭവം ഇനി നമുക്കന്യം. നൂറ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചാലും കിട്ടാത്തത്ര അനുഭവാഭിനയപാഠങ്ങളാണു കെ. പി. എ. സി ലളിത എന്ന മഹേശ്വരി മലയാളസിനിമാഭിനയവേദിയുടെ തിരശ്ശീലയിൽ രേഖപ്പെടുത്തി, അര നൂറ്റാണ്ട് കാലം കൂടെ കൊണ്ടുനടന്ന തന്റെ ചമയം അഴിച്ചുവെച്ചത്‌.