അമ്മയാണ്! സമയം കിട്ടുമ്പോഴൊക്കെ പശുക്കളുടെ കണ്ണുകളിലേക്കു നോക്കണം- കൃഷ്ണകുമാര്‍

പേരിലുള്ള കൃഷ്ണന്‍ മാത്രമല്ല തനിക്ക് ഗോക്കളോട് അത്രമേല്‍ സ്‌നേഹമാണെന്ന് തുറന്നു കാട്ടി നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാര്‍ ഗോ സ്‌നേഹം വെളിപ്പെടുത്തുന്നത്. ഗോക്കളോടൊപ്പമുള്ള ചിത്രങ്ങളും നടന്‍ പങ്കുവച്ചിട്ടുണ്ട്.

‘നമസ്‌കാരം സഹോദരങ്ങളേ, ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങള്‍ പറയും. പേരില്‍ത്തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നില്‍ക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും.

ഞാനും നിങ്ങളും ജനിച്ചുവീണു കഴിഞ്ഞു ജീവന്‍ നിലനിര്‍ത്തിയതും വളര്‍ന്നു വലുതായതും അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോള്‍ സൗകര്യമുണ്ടായാലും ഞാന്‍ ഇവര്‍ക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാന്‍, ഞാന്‍ ആഗ്രഹിക്കുന്നു.

ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. മനസ്സുനിറഞ്ഞു നിര്‍ത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.??? എന്ന് പറഞ്ഞാണ് കൃഷ്ണകുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.